ജർമനിയിൽ തുർക്കിയുടെ ആറായിരം ചാരൻമാർ
Thursday, August 25, 2016 8:14 AM IST
ബർലിൻ: ശീതയുദ്ധ കാലത്ത് പൂർവ ജർമൻ ചാര സംഘടനയായ സ്റ്റാസി പശ്ചിമ ജർമനിയിൽ നിയോഗിച്ചിരുന്നതിനെക്കാൾ കൂടുതൽ ചാരൻമാർ ഇപ്പോൾ തുർക്കിക്കുവേണ്ടി ജർമനിയിൽ പ്രവർത്തിക്കുന്നു.

തുർക്കിയുടെ എംഐടി ഇന്റലിജൻസ് ഏജൻസി ആറായിരത്തോളം ചാരൻമാരെയാണ് രാജ്യത്ത് നിയോഗിച്ചിരിക്കുന്നതെന്നാണ് സൂചന. ജർമനിയിൽ താമസിക്കുന്ന മുപ്പതു ലക്ഷത്തോളം വരുന്ന തുർക്കി വംശജരെ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. അതായത്, ശരാശരി അഞ്ഞൂറു പേരെ നിരീക്ഷിക്കാൻ ഒരാൾ എന്ന രീതിയിൽ.

ജർമൻ രാഷ്ര്‌ടീയ ഇന്റലിജൻസ് വിദഗ്ധനും എഴുത്തുകാരനുമായ എറിക് ഷ്മിഡ്റ്റ് ഈൻബൂമാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

സ്റ്റാസിക്ക് അറുപതു ലക്ഷം ജനസംഖ്യയുടെ പശ്ചിമ ജർമനിയിൽ പതിനായിരം ചാരൻമാരുണ്ടായിരുന്നു. അതായത്, ആറായിരം പേർക്ക് ഒരാൾ എന്ന കണക്കിൽ. ഈ രീതിയിലാണ് അന്നത്തെക്കാൾ കൂടുതൽ ആളുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുവെന്നാണ് നിരീക്ഷണം.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ