ജർമൻകാരുടെ ഹൃദയം കവർന്നു വില്യം രാജകുമാരൻ
Thursday, August 25, 2016 8:15 AM IST
ഡ്യൂസൽഡോർഫ്: ജർമനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലിയ സ്റ്റേറ്റിന്റെ എഴുപതാം പിറവി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബ്രിട്ടനിലെ വില്യം രാജകുമാരൻ എത്തി.

വില്യമിനെ സ്വീകരിക്കാൻ നൂറുകണക്കിന് നഗരവാസികളാണ് രണ്ടു മണിക്കൂറോളം കടുത്ത വെയിലത്ത് കാത്തുനിന്നത്. വില്യമിന്റെ സന്ദർശനത്തിൽ ഏറെ ആഹ്ളാദിക്കുന്ന ജർമൻ ജനതയുടെ മുന്നിൽ ഒരു കൊച്ചുകുട്ടിയെപ്പോലയാണ് വില്യം സന്തോഷം പങ്കുവച്ചത്.

ഡ്യൂസൽഡോർഫ് വിമാനത്താവളത്തിലെത്തിയ വില്യമിനെ സ്വീകരിക്കാൻ ചാൻസലർ ആംഗല മെർക്കലും മുഖ്യമന്ത്രി ഹനലോറെ ക്രാഫ്റ്റും എത്തിയിരുന്നു. ജർമനിയിലെ ബ്രിട്ടീഷ് സൈന്യം കേംബ്രിഡ്ജ് ഡ്യൂക്കായ വില്യമിനെ വിമാനത്താവളത്തിൽ അഭിവാദ്യം ചെയ്തു.

1946 ഓഗസ്റ്റ് 23ന് ബ്രിട്ടീഷ് സൈന്യമാണ് വെസ്റ്റ്ഫാലിയ സ്റ്റേറ്റിനു ജർമനിയിൽ രൂപം നൽകിയത്. രണ്ടാംലോകമഹായുദ്ധത്തിൽ ജർമനിക്കെതിരെ ബ്രിട്ടീഷ് സൈന്യം ആധിപത്യം നേടിയതിന്റെ ഓർമയ്ക്കായി സ്‌ഥാപിച്ചതാണ് നോർത്ത്റൈൻ വെസ്റ്റ് ഫാലിയ സംസ്‌ഥാനം. അതിനാലാണ് ആഘോഷത്തിൽ വില്യമിനെയും ക്ഷണിച്ചത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ