ഡാളസ് സൗഹൃദവേദി ഓട്ടൻ തുള്ളൽ അവതരിപ്പിക്കുന്നു
Friday, August 26, 2016 7:40 AM IST
ഡാളസ്: കേരളീയ സംസ്കാരത്തിന്റെ നാടൻ കലാരൂപങ്ങളെ പ്രവാസി മനസിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്ന ഡാളസ് സൗഹൃദ വേദി സെപ്റ്റംബർ 10നു നടത്തുന്ന ഓണാഘോഷ പരിപാടിയിൽ ഓട്ടൻ തുള്ളൽ അവതരിപ്പിക്കുന്നു.

ആലുമൂട്ടിൽ സാറ ടീച്ചർ ആണ് ഓട്ടൻ തുള്ളലിന്റെ രചയിതാവ്. നളചരിതം തരംഗിണിഭാഷാ വൃത്തത്തിലും രംഗാധിഷ്ഠിത സംഗീതത്തോടും കൂടി ആവിഷ്കരിച്ചു തുള്ളക്കാരനെ പ്രദർശിപ്പിക്കുവാനുള്ള തത്രപ്പാടിലാണ് സാറ ടീച്ചർ. ടീച്ചറിന്റെ ഭാവനയിലുള്ള തുള്ളലുകാരനെപറ്റി ഇതാണ് അഭിപ്രായം.

തലയിൽ കെട്ടിയുണ്ടാക്കിയ വട്ടമുടിക്കെട്ടിനു പുറമെ വിടർത്തിയ കിരീടം ധരിച്ച്, മുഖത്ത് പച്ച പൂശി, കണ്ണും പുരികവും വാൽനീട്ടിയെഴുതി, നെറ്റിയിൽ പൊട്ടുംതൊട്ട്, ഉരസിൽ കൊരലാരം, കഴുത്താരം, മാർമാല എന്നിവയും ധരിച്ച്, കൈകളിൽ കടക കങ്കണാദികളും കാലിൽ കച്ചമണിയും അണിഞ്ഞ്, അരയിൽ ഒരു പ്രത്യേകതരം ഉടുത്തുകെട്ടുമായാണ് ഓട്ടൻതുള്ളൽക്കാരനെ തുറന്ന രംഗവേദിയിലേക്ക് കൊണ്ടുവരിക. വേദിയിൽ മുൻഭാഗത്തായി നിലവിളക്ക് കൊളുത്തിവയ്ക്കും. ഓട്ടൻതുള്ളൽ അവതരണത്തിന് മൂന്നു പുരുഷന്മാരാണ് ഉള്ളത്. തുള്ളൽക്കാരനും രണ്ടു വാദ്യക്കാരും.തുള്ളൽക്കാരൻ പാടുന്ന വരികൾ വാദ്യക്കാർ ഏറ്റുപാടുന്നു. തൊപ്പിമദ്ദളവും കൈമണിയുമാണ് തുള്ളലിനു ഉപയോഗിക്കുന്ന വാദ്യങ്ങൾ.

നാട്ടിലെ സ്കൂളുകളിൽ അധ്യാപനം നടത്തിയപ്പോൾ സ്കൂൾ വിദ്യാർഥികളുടെ പല ഓട്ടൻ തുള്ളൽ മത്സരത്തിനും രംഗ പശ്ചാത്തലം ഒരുക്കിയിട്ടുള്ള സാറ ടീച്ചർ അമേരിക്കയിൽ ആദ്യമായാണ് രംഗാവിഷ്കാരണം നടത്തുന്നത്. പുരാണകഥകളെ പ്രവാസി മനസുകളിൽ എത്തിക്കുവാനും നർമ രസം തുളുമ്പുന്ന വിമർശം നടത്താനും ഓട്ടൻതുള്ളൽ കഥാപാത്രത്തിലൂടെ ടീച്ചർ ഉദ്ദേശിക്കുന്നു.

കേരള സംസ്കാരത്തോടു കൂറുള്ള ടീച്ചറെ പോലുള്ളവരെയാണിന്നു പ്രവാസി ലോകത്തിനാവശ്യം. പാശ്ചാത്യ സംസ്കാരത്തിന്റെ അഴുക്കു ചാലുകളിലേക്കു ഓടിക്കൊണ്ടിരിക്കുന്ന ഇന്നത്തെ പുത്തൻ തലമുറയുടെ രൂപാന്തരത്തിനു ഇതുപോലെ ഉള്ളവരുടെ സാന്നിധ്യവും സഹകരണവും അനിവാര്യമാണ്.

<ആ>റിപ്പോർട്ട്: എബി മക്കപ്പുഴ