തൈക്കൂടം ബാൻഡിനു വിസ ലഭിച്ചു, ആദ്യ ഷോ ന്യൂയോർക്കിൽ ഒക്ടോബർ പകുതിയോടെ
Saturday, August 27, 2016 2:37 AM IST
ന്യൂയോർക്ക്: ഇന്ത്യൻ മ്യൂസിക് ബാൻഡ് ’തൈക്കൂടം ബ്രിഡ്ജ്’ അമേരിക്കയിലേക്ക്. ആസ്വാദകരെ സംഗീതത്തിന്റെ ഒരു പുതുലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒക്കെ ചെയ്യുന്ന മാജിക്കൽ മ്യൂസിക്ക് ട്രൂപ്പാണു തൈക്കൂടം ബ്രിഡ്ജ്. ഇന്ത്യയിലെ മികച്ച ബാൻഡായി മാറിയ തൈക്കൂടം ബ്രിഡ്ജ് ഷോ സൗത്ത് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും നിരവധി ഷോ ഇതിനോടകം കാഴ്ചവച്ചു. ഇതാദ്യമായാണ് അമേരിക്കയിലേക്ക് പറക്കുന്നത്. നേരത്തെ, ഈ വർഷമാദ്യം അമേരിക്കയിൽ ചില പരിപാടികൾ നടത്താൻ തൈക്കൂടം കരാർ ചെയ്യപ്പെട്ടിരുന്നുവെങ്കിലും സംഘാംഗങ്ങൾക്ക് വിസ ലഭിക്കാതിരുന്നതു മൂലം മുടങ്ങിയിരുന്നു. ഇപ്പോൾ എല്ലാവർക്കും വിസ ലഭിച്ചിരിക്കുന്നു. ന്യൂയോർക്ക് ഷോ സംഘടിപ്പിക്കുന്നത് ഫ്രീഡിയ എന്റർടെയൻമെന്റ്സും, ന്യൂയോർക്ക് ഹെഡ്ജ് ഇവന്റ്സും ചേർന്നാണ്. ഒക്ടോബർ പകുതിയോടെയാണ് തൈക്കൂടം ബ്രിഡ്ജിന്റെ അമേരിക്കയിലെ പരിപാടി. ചെന്നൈ അമേരിക്കൻ കൗൺസുലേറ്റിൽ നടന്ന വിസ അഭിമുഖത്തിൽ ബാന്റ് അംഗങ്ങൾക്ക് വിസ ലഭിച്ചു.

ഗോവിന്ദ് മേനോൻ, സിദ്ധാർഥ് മേനോൻ എന്നീ സഹോദരന്മാർ ചേർന്നു രൂപം കൊടുത്ത തൈക്കൂടം ബ്രിഡ്ജ് എന്ന ഇന്ത്യൻ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ടുതന്നെ ലോകമെങ്ങുമുള്ള പുതു തലമുറ സംഗീത പ്രേമികൾക്കിടയിൽ വൻ തരംഗം ആയി മാറി. തൈക്കൂടം ബ്രിഡ്ജിന്റെ ഫിഷ് റോക്ക്, ശിവ, ചത്തെ എന്നീ ആൽബങ്ങൾ സോഷ്യൽ മീഡിയയിലും യുടൂബിലും വൈറൽ ഹിറ്റ് ആയി മാറി. തൈക്കൂടം ബ്രിഡ്ജിന്റെ വൻ ഹിറ്റുകളായ ഫിഷ് റോക്കും ഇംഗ്ളീഷ്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുമായി വേറിട്ട ശൈലിയിൽ പെർഫൊം ചെയ്യുന്ന 18 പ്രശസ്ത കലാകാരന്മാരാണ് ഈ ഷോയിൽ പങ്കെടുക്കുന്നത്. മ്യൂസിക് മോജോ എന്ന പ്രശസ്ത ഷോയിലും ഏറ്റവുമധികം ആരാധകരുള്ള ബാൻഡ് ആണ് തൈക്കൂടം ബ്രിഡ്ജ്. ഫേസ്ബുക്കിൽ ആറു ലക്ഷത്തോളം ആരാധകരുള്ള ഇവരുടെ പാട്ടുകൾ യൂടൂബിൽ 25 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന 18 പ്രഫഷണലുകൾ സംഗീതം എന്ന ഒറ്റ വികാരത്തിൽ ഒന്നിച്ചു ചേർന്നപ്പോഴാണ് ലോകമെങ്ങുമുള്ള സംഗീത പ്രേമികൾക്കു തൈക്കൂടം ബ്രിഡ്ജ് എന്ന മികച്ച ബാൻഡ് ലഭിച്ചത്.

അമേരിക്കയിൽ ആദ്യമായി ഒസ്കർ മാതൃകയിൽ മലയാള ചലച്ചിത്ര അവാർഡ് നിശ നടത്തി വിജയം കൊയ്തതിനു ശേഷമാണ് ന്യൂയോർക്ക് ഹെഡ്ജ് ഇവന്റ്സും ഫ്രീഡിയ എന്റർടെയിൻമെന്റ്സും സംയുക്‌തമായി തൈക്കൂടം ഷോയുമായി എത്തുന്നത്. വിവരങ്ങൾക്ക്: സജി ജേക്കബ് (516) 6063268.

<യ> റിപ്പോർട്ട്: ജോർജ് തുമ്പയിൽ