തിരുവോണാഘോഷങ്ങളുടെ പെരുമഴക്കാലം ആരംഭിച്ചു
Saturday, August 27, 2016 6:40 AM IST
മെൽബൺ: പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിൽ കേരളത്തിന്റെ തനതായ ആഘോഷം തിരുവോണം ഓസ്ട്രേലിയൻ മലയാളികളും ആഘോഷിക്കുന്നു. ശ്രീനാരായണ മിഷൻ മെൽബണിന്റേയും ശ്രീനാരായണ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും നേതൃത്വത്തിൽ ഓഗസ്റ്റ് 21നു നടന്ന ഓണാഘോഷത്തോടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്കു തുടക്കമായി.

ഓഗസ്റ്റ് 27നു കെസി മലയാളി ഫോറത്തിന്റെ ആവണപ്പുലരിയും ഡന്റിനോംഗ് ആസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന കേളിയുടെ ഓണാഘോഷവും നടക്കും. 28നു (ഞായർ) കെസിസിപിഎ ക്നാനായ കൂട്ടായ്മയുടെ ഓണാഘോഷങ്ങൾ നോബിൾ പാർക്ക് സെന്റ് ആന്റണിസ് പാരിഷ് ഹാളിൽ നടക്കും. സെപ്റ്റംബർ മൂന്നിനു (ശനി) മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷം സ്പ്രിംഗ്വേൽ ഹാളിലും വിറ്റൽസി മലയാളി കൂട്ടായ്മയുടെ ഓണാഘോഷങ്ങൾ ഗ്രീൻസ്ബ്രോ സെന്റ് സെർബിയൻ ഹാളിലും നടക്കും. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ഈ വർഷത്തെ ഓണാഘോഷങ്ങൾ ക്ലയിറ്റൺ സെന്റ് പീറ്റേഴ്സ് ഹാളിലും മലയാളി ഫെഡറേഷന്റെ ഓണാഘോഷം സെപ്റ്റംബർ 10നു (ശനി) സ്പ്രിംഗ് വേൽഹാളിലും നടക്കും.

സെപ്റ്റംബർ 24 നു (ശനി) മെൽബണിലെ ഊട്ടി എന്നു വിശേഷിപ്പിക്കുന്ന ബെറിക്ക് അയൽക്കൂട്ടത്തിന്റെ ഓണാഘോഷം ഹിൽ ക്രിസ്റ്റ് കോളജ് പെർഫോമിംഗ് സെന്ററിൽ നടക്കും. അന്നേദിവസം ഫ്രാക്സ്റ്റൻ മലയാളി കൂട്ടായ്മയും ഓണം ആഘോഷിക്കും. മെൽബണിലെ Cyndester മലയാളി കൂട്ടായ്മയുടെ ഓണം ഒക്ടോബർ ഒന്നിനു ബെല്ലാ ബെല്ലാ കമ്യൂണിറ്റി സെന്ററിൽ നടക്കും.

മെൽബണിലെ വിവിധ സ്‌ഥലങ്ങളിൽ ചെറുതും വലുതുമായി നിരവധി മലയാളി കൂട്ടായ്മകൾ കേരളത്തിന്റെ തനതായ പാരമ്പര്യം നിലനിർത്തുന്നതിനും പുതുതലമുറയ്ക്ക് മാവേലിയെ കുറിച്ച് അറിവു പകരുന്നതിനും ഓണാഘോഷങ്ങൾ വഴി തെളിക്കും.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ