നായനാർ ചാരിറ്റബിൾ ട്രസ്റ്റിന് കേളി ആംബുലൻസ് കൈമാറി
Saturday, August 27, 2016 6:41 AM IST
റിയാദ്: റിയാദ് കേളി കലാ സാംസ്കാരിക വേദി പ്രഖ്യാപിച്ച ആംബുലൻസ് ഇകെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിനു കൈമാറി.

തിരുവനന്തപുരം തൈക്കാടുള്ള ഇകെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസ് ആൻഡ് മോർച്ചറി സർവീസിലേക്കാണ് അടിയന്തര പ്രാഥമിക ചികിത്സക്കാവശ്യമായ സൗകര്യങ്ങളോടുകൂടിയ ആംബുലൻസ് കേളി സംഭാവന ചെയ്തത്്.

റിയാദിലെ പൊതുസമൂഹത്തിന്റെയും വ്യാപാരി വ്യവസായി സമൂഹത്തിന്റെയും സഹായ സഹകരണത്തോടെ കഴിഞ്ഞ 15 വർഷമായി റിയാദിലെ പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന കേളി തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കഴിയുന്നത്ര നാട്ടിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, എട്ടാമതു കേളി ഫുട്ബോൾ ടൂർണമെന്റിനു മുന്നോടിയായി റിയാദിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ആംബുലൻസ് നൽകുമെന്ന പ്രഖ്യാപനം നടത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ഇളങ്കാവിൽ ഓഗസ്റ്റ് 26നു നടന്ന ചടങ്ങിൽ ആംബുലൻസിന്റെ താക്കോലും രജിസ്ട്രേഷൻ രേഖകളും സിപിഎം സംസ്‌ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ കേളി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഗീവർഗീസിൽ നിന്നും ഏറ്റുവാങ്ങി സിപിഎം ജില്ലാ സെക്രട്ടറിയും ഇകെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ ആനാവൂർ നാഗപ്പനു കൈമാറി.

ചടങ്ങിൽ ഇകെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം. വിജയകുമാർ അധ്യക്ഷത വഹിച്ചു. വൈദ്യുതി, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സിപിഎം നേതാക്കളായ കോയിലക്കോട് കൃഷ്ണൻനായർ, ബി.പി. മുരളി, സി അജയകുമാർ, എൻ. രതീന്ദ്രൻ, കൗസിലർ എസ്.എസ്. സിന്ധു, ഡി.ആർ. അനിൽ, കേളി സെക്രട്ടറിയേറ്റ് അംഗം ഗീവർഗീസ് എന്നിവർ സംസാരിച്ചു. കേളി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം റഫീഖ് പാലത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സെൻ ആന്റണി, സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.