മലങ്കരസഭയുടെ വളർച്ചയിൽ അഭിമാനം: കാതോലിക്ക ബാവ
Monday, August 29, 2016 5:52 AM IST
ന്യൂയോർക്ക്: മലങ്കര സഭ അമേരിക്കയിൽ നേടിയ വളർച്ചയിൽ ഏറെ അഭിമാനമുണ്ടെന്നു പരമാധ്യക്ഷൻ മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. അമേരിക്കൻ ഭദ്രാസനത്തിലേക്ക് ഓരോ തവണയും വരുമ്പോൾ അഭിമാനം വാനോളം ഉയരുകയാണ്. ഈ ഭദ്രാസനത്തിന്റെ വികസനവും വളർച്ചയും അഭിമാനത്തോടും ആദരവോടും കൂടിയാണ് നോക്കിക്കാണുന്നത്. മലങ്കര സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഭദ്രാസനങ്ങളിൽ ഒന്നായ ഇവിടെ നിങ്ങളെയൊക്കെ കാണുന്നതും ഏറെ സന്തോഷം നൽകുന്ന സംഗതിയാണ്. നോർത്ത് ഈസ്റ്റ് ഭദ്രാസന കാതോലിക്ക ദിന പിരിവ് ഏറ്റുവാങ്ങികൊണ്ട് ന്യൂയോർക്കിലും ഫിലഡൽഫിയയിലും അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ.

ഇവിടെ മൂന്നു കാര്യങ്ങൾ ഞാൻ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്. നമ്മുടെ കർത്താവ് സ്വർഗാരോപണം ചെയ്ത് പത്തു വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് തോമസ് അപ്പോസ്തോലൻ എഡി 52–ൽ മലങ്കരയിലേക്ക് വന്നത്. മുപ്പത്തിമൂന്നര വയസിൽ ക്രൂശു മരണം പ്രാപിച്ച് സ്വർഗാരോപണം ചെയ്യപ്പെട്ടതിനു ശേഷം പത്തു വർഷത്തിനകം തോമാ ശ്ലീഹ വന്നു സുവിശേഷമാകുന്ന വിത്ത് മലങ്കരയിൽ കുഴിച്ചിട്ടു. അതു മലങ്കര സഭ എന്ന സസ്യമായി വളർന്ന് ഇപ്പോഴൊരു മനോഹര തോട്ടമായി നിൽക്കുന്നു. പ്രത്യേകമായി എനിക്കു പറയാനുള്ളത് നട്ടടത്ത് ഇതു ഭംഗിയായി വളരുന്നുവെന്നതാണ്. യൂറോപ്പ്, മധ്യേഷൻ രാജ്യങ്ങൾ എന്നിങ്ങനെ പലയിടങ്ങളിലും സഭ നശിക്കുകയോ ശുഷ്ക്കമായി പോവുകയോ ചെയ്തിട്ടുണ്ടെങ്കിലും സുവിശേഷം നട്ടിടത്ത് ഇപ്പോഴും സമൃദ്ധമായി വളരുന്നു. അന്നും ഇന്നും നമ്മുടെ പിതാക്കന്മാർ സത്യസന്ധരും കൗശലമില്ലാത്തവരും നേരും നെറിയുമുള്ളവരായിരുന്നു. നട്ടിടത്ത് തഴച്ചു വളരുന്നുവെന്നത് ഒരു വലിയ ദൈവകൃപ തന്നെയാണ്. പൗലോസ് അപ്പോസ്തോലൻ മൂന്നു മിഷനറി യാത്രകൾ നടത്തിയാണ് മറ്റു പലയിടങ്ങളിലും സഭ നട്ടത്. പക്ഷേ, പലതും ഏറ്റക്കുറച്ചിലുകളനുസരിച്ച് നശിച്ചു പോവുകയാണുണ്ടായത്.

രണ്ടാമത്തെ കാര്യം, അന്നത്തെ വിശ്വാസത്തിന് കൂടുതലായും കുറവായും ഒന്നുമുണ്ടായിട്ടില്ലെന്നതാണ്. കലർപ്പില്ലാത്ത സ്‌ഥായിയായ വിശ്വാസമായിരുന്നു അത്. നമ്മുടെ പിതാക്കന്മാർ വേദപുസ്തകത്തിൽ അധിഷ്ഠിതമായ കാര്യങ്ങൾ വ്യാഖ്യാനിക്കുകയും സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ അതു ലഭ്യമാക്കുകയും ചെയ്തു. ആരാധനയിൽ കൂടിയാണ് ഇതു സാധ്യമാക്കിയത്. ഒന്നാം നൂറ്റാണ്ടിലെ ആരാധന തന്നെയാണ് നാം ഇപ്പോഴും പിന്തുടരുന്നത്. അന്നത്തെ അപ്പം നുറുക്കുന്ന വിശ്വാസമാണ് നമ്മുടെ വിശ്വാസത്തിന്റെ കാതൽ. പരിശുദ്ധന്മാരും മരിച്ചുപോയവരും എല്ലാവരും ചേർന്നു സഭ അന്നും ഇന്നും ഒരു പോലെ. മുന്നോട്ടും ഇതു തന്നെ തുടരും. മറ്റു വിശ്വാസ സംഹിതകൾ ഉള്ളവർ ഇല്ലേയെന്നു ചോദിച്ചാൽ ഉണ്ട്, ഉണ്ടാവും എന്നതാണ് മറുപടി. പക്ഷേ, നമ്മുടേത് വ്യത്യസ്തമാണ്. വിഭിന്നമാണ്. സത്യവുമാണ്.

മൂന്നാമത്തെ സംഗതി എന്നു പറയുന്നത്, കർത്താവ് പറഞ്ഞു. നിങ്ങൾ പോയി ലോകത്തിനു സാക്ഷികളായി തീരണമെന്ന്. ഇതിനർഥം, പോയി അംഗസംഖ്യ വർധിപ്പിക്കുക എന്നതല്ല. ജീവിത ശൈലിയിലൂടെ ലോകത്തിനു സാക്ഷികളായി തീരണമെന്നാണ് വിവക്ഷ. മലങ്കര സഭ ഒരു ആഗോളസഭയാണ്. ഒരു കാലത്ത് കേരളത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങി നിന്നിരുന്നു. പിന്നീടത്, ഇന്ത്യയിലെ അതിരുകൾക്കുള്ളിലായി. അതിനുശേഷം ഇന്ത്യയ്ക്ക് പുറത്തേയ്ക്കും വ്യാപിച്ച്, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി. അവിടെയൊക്കെ, പുരാതനമായ കലർപ്പില്ലാത്ത വിശ്വാസത്തിന്റെ സാക്ഷികളായി വ്യാപിച്ചു. ജീവിത ശൈലിയിലെ വ്യതിരക്‌തതയാണ് ഇതിനു കാരണം.

ഇനിയെനിക്ക് പറയുവാനുള്ളത് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം വാങ്ങിക്കുന്ന റിട്രീറ്റ് സെന്ററിനെക്കുറിച്ചാണ്. മലങ്കര സഭയ്ക്ക് ഇതൊരു അഭിമാന മുഹൂർത്തം തന്നെയാണ്. ഒരു മഹത്തായ നേട്ടമാണ്. ഇത്രയും വിസ്തൃതമായ ഒരിടം നിങ്ങൾ സഭയ്ക്ക് വേണ്ടി കണ്ടുപിടിച്ചു നിങ്ങൾ അതിനു വേണ്ടി അധ്വാനിക്കുകയും സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നുവെന്നുള്ളതിൽ ഞാൻ വളരെ കൃതാർഥനാണ്. ഈ ഭദ്രാസനം വളരുന്നുവെന്നുള്ളതിന് ഉത്തമ ദൃഷ്‌ടാന്തം കൂടിയാണ്. പക്ഷേ, ഞാനിപ്പോൾ വന്നിരിക്കുന്നത് സഭയുടെ ഒരു നെടുന്തൂണായ കാതോലിക്കേറ്റിനെപ്പറ്റി നിങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ്. സഭയുടെ ചട്ടക്കൂടും നിയമവും കലർപ്പില്ലാത്ത വിശ്വാസവും കാത്തുസൂക്ഷിക്കുന്ന നിങ്ങൾക്ക് കാതോലിക്കേറ്റിനെപ്പറ്റി അറിയാം. ഇതു ഹ്രസ്വമായി ഒന്നു ഓർമപ്പെടുത്താൻ വേണ്ടി മാത്രമാണ് ഇപ്പോഴത്തെ എന്റെ യാത്ര. സഭയുടെ അസ്തിവാരം നിലനിർത്തുന്നതിനും സഭയ്ക്ക് ഊർജം നിലനിർത്തുന്നതിനും സഭാ മക്കൾ എല്ലാവരും കാതോലിക്കേറ്റ് നിധി സമാഹരണത്തിൽ പങ്കു ചേരണം. ഇതിനായി പത്രോസിനോട് നികുതി കൊടുക്കാൻ പറയുന്ന വേദപുസ്തക കഥ പരിശുദ്ധ ബാവ സവിസ്തരം പ്രതിപാദിച്ചു.

പരുമല കാൻസർ സെന്ററിനെക്കുറിച്ചും ബാവാ പ്രതിപാദിച്ചു. വളരെയധികം പ്രയത്നം ആവശ്യമുള്ള ഒരു പദ്ധതിയാണിത്. എല്ലാവരും ചേർന്ന് അൽപ്പം കൂടി ശ്രദ്ധിച്ചാൽ നല്ല നിലയിലാവും. 45 കോടി കൊണ്ട് തീർക്കാമെന്നാണ് കരുതിയതും പദ്ധതിപ്ലാൻ തയാറാക്കിയതും എന്നാൽ, ഇപ്പോഴിത് 140 കോടിയിലെത്തി നിൽക്കുന്നു. പ്രാർഥനയോടൊപ്പം പ്രവർത്തനവും ആവശ്യമാണ്. ഉപസംഹാരമായി എനിക്കു പറയുവാനുള്ളത്, മലങ്കര സഭ ഇന്നും പുഷ്ഠിപ്പെടുന്നുവെന്നുള്ളതാണ്. നിങ്ങൾ ചെയ്യാനുള്ളത് ഇവിടെയുള്ള നമ്മുടെ കുഞ്ഞു കുട്ടികൾക്ക് സഭ പാരമ്പര്യവും വിശ്വാസവും കാതോലിക്കേറ്റിന്റെ പ്രാധാന്യവും മറ്റും മനസിലാക്കി കൊടുക്കുകയെന്നതാണ്. മാതാപിതാക്കൾ പ്രാർഥിക്കുകയും ഉപദേശങ്ങൾ വഴി നയിക്കുകയും വേണമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

മലങ്കര സഭയുടെ ഫിനാൻസ് കമ്മിറ്റി ചെയർപേഴ്സണും നിരണം ഭദ്രാസന അധ്യക്ഷനുമായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് കാതോലിക്കാ ദിന സംഭാവനകളുമായി ബന്ധപ്പെട്ട സ്‌ഥിതിവിവര കണക്കുകൾ നൽകി. കാതോലിക്കാദിനത്തിലെ വരുമാനം യാതൊരു വിധമായ കേസുകൾക്കും ഉപയോഗിക്കുന്നില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾ, സൺഡേ സ്കൂൾ തുടങ്ങിയ ആത്മീയ പ്രസ്‌ഥാനങ്ങൾക്കുള്ള ഗ്രാന്റ്, കൃഷിനാശം സംഭവിച്ചതുൾപ്പെടെയുള്ള കർഷകർക്കുള്ള ഗ്രാന്റ്, ശ്ലീബാദാസ സമൂഹം, വൈദികക്ഷേമനിധി, വടക്കൻ ഭദ്രാസനങ്ങളിലെ ശമ്പള സബ്സിഡി, ശുശ്രൂഷകർക്കുള്ള സഹായനിധി, ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നവർക്കായുള്ള പദ്ധതികൾ, ആരോഗ്യപരിപാലനം, വാർധക്യകാല പെൻഷൻ, അവികസിത പള്ളികൾക്കും പാഴ്സനേജുകൾക്കുമുള്ള ഗ്രാന്റ്, കേരളത്തിനു പുറത്തു പള്ളി കെട്ടിടങ്ങൾ ഇല്ലാത്തവർക്കുള്ള ഗ്രാന്റ് എന്നിങ്ങനെ വിവിധ പരിപാടികൾക്കാണ് ഈ തുക വിനിയോഗിക്കുന്നത്.

കാതോലിക്കേറ്റ് സെന്റർ ഉണ്ടാവേണ്ടതിന്റെ ആവശ്യം ബാവ എടുത്തു പറഞ്ഞു. കൂനൻകുരിശു പോലെയുള്ള മറ്റു തീർഥാടക കേന്ദ്രങ്ങൾ ഉണ്ടാവണം. കൂടുതൽ ഭദ്രാസനങ്ങൾ ഉണ്ടാവണം. അമേരിക്കൻ ഭദ്രാസനത്തിൽ നിന്നും 293000 ഡോളറാണ് ടാർജറ്റ് തുക. 56 പള്ളികളാണ് സഭയ്ക്ക് ഈ ഭദ്രാസനത്തിലുള്ളത്. നൂറു ശതമാനം കാതോലിക്കദിന പിരിവ് നൽകിയ 39 ദേവാലയങ്ങളാണുള്ളത്. ടാർജറ്റിന്റെ 20 ശതമാനം കൂടുതൽ സമാഹരിച്ച ബോസ്റ്റൺ സെന്റ് മേരീസ് ഇടവകയ്ക്കുള്ള അവാർഡ് പരിശുദ്ധ കാതോലിക്ക ബാവയിൽ നിന്നും വികാരി, ട്രസ്റ്റി, സെക്രട്ടറി എന്നിവർ ചേർന്നു ഏറ്റുവാങ്ങി. ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് ഭദ്രാസനത്തിൽ നിന്നുള്ള കാതോലിക്ക ദിന സമാഹരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകി.

ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. ഗ്രിഗറി വറുഗീസ് സംസാരിച്ചു. ഭദ്രാസന കൗൺസിൽ മെംബർ ഫാ. ഷിബു ഡാനിയൽ എംസിയായി പ്രവർത്തിച്ചു പരിപാടികൾക്ക് നേതൃത്വം നൽകി. ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വർഗീസ്, അജിത്ത് വട്ടശേരിൽ, സഭ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഫാ. വർഗീസ് പുല്ലേലിൽ, പോൾ കറുകപ്പിള്ളിൽ എന്നിവരും സംബന്ധിച്ചു.

ഫ്ളോറൽ പാർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന സമ്മേളനത്തിൽ റവ. ഡോ. പി.എസ്. സാമുവൽ കോർ എപ്പിസ്കോപ്പ, ഫാ. ഗ്രിഗറി വർഗീസ്, വർഗീസ് പോത്താനിക്കാട്, ജോസ് തോമസ്, സെക്രട്ടറി മാത്യു മാത്തൻ, ജോ. സെക്രട്ടറി മോൻസി വർഗീസ് എന്നിവർ അടങ്ങുന്ന കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകി.

പെൻസിൽവേനിയയിലെ ഫെയർലെസ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. എം.കെ. കുര്യാക്കോസ് എംസി ആയി പരിപാടികൾ ക്രമീകരിച്ചു. പരി. കാതോലിക്ക ബാവയോടും മാർ നിക്കോളോവോസ്, മാർ ക്രിസോസ്റ്റമോസ് എന്നിവർക്കൊപ്പം നിലയ്ക്കൽ റാന്നി ഭദ്രാസന അധ്യക്ഷൻ ഡോ.ജോഷ്വാ മാർ നിക്കോദീമോസും പങ്കെടുത്തു. ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഡോ. സാക്ക് സഖറിയ, ഫിലിപ്പോസ് ഫിലിപ്പ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം പോൾ കറുകപ്പിള്ളിൽ എന്നിവരും സംബന്ധിച്ചു. ഇടവക വികാരി ഫാ. അബു പീറ്റർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ