സ്വിറ്റ്സർലൻഡിൽ കുട്ടികൾക്കു കുട്ടിപ്പേര് ട്രൻഡാകുന്നു
Monday, August 29, 2016 5:55 AM IST
സൂറിച്ച്: ഒരു പേരിൽ എന്തിരിക്കുന്നു എന്നു പലരും ഇക്കാലത്തു ചോദിക്കുന്ന ഒരു ചോദ്യമാണ്. പക്ഷെ അങ്ങനെയങ്ങു പറയാൻ വരട്ടെ. പേരിൽനിന്നുതന്നെ ഒരാളുടെ വ്യക്‌തിത്വം അറിയാൻ പറ്റുമെന്നാണ് സ്വിറ്റ്സർലൻഡുകാർ വിശ്വാസിക്കുന്നത്. അതിനാലാണല്ലോ കുട്ടി പിറന്നാൽ അവർ പേരിനായി പലവട്ടം തലപുകയ്ക്കുന്നത്. ഓരോ കൊല്ലവും പേരിൽ ഓരോ ട്രൻഡാണ് സഞ്ചാരികളുടെ സ്വർഗമായ ഈ മഞ്ഞുരാജ്യത്ത്. പോയവർഷം കുട്ടി പേരുകളോടായിരുന്നു ഇന്നാട്ടുകാർക്കു താത്പര്യം. കഴിഞ്ഞവർഷം 86,550 നവജാത ശിശുക്കളാണ് പിറന്നത്. ഇതിൽ 41,900 പെൺകുട്ടികളും 44,650 ആൺകുട്ടികളുമായിരുന്നു. ആൺകുട്ടികൾക്കായി ഏറ്റവും കൂടുതൽ മാതാപിതാക്കൾ തെരഞ്ഞെടുത്തത് നോഹ (443), ലിയാം (412), ലൂക്ക (361) എന്നീ പേരുകളാണ്. അതേസമയം പെൺകുട്ടികൾക്ക് മിയ (465) എമ്മ (44), ലാറ (335) എന്നീ പേരുകളുമാണ് ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുത്തത്.

പോയ വർഷം ചെറിയ പേരുകൾക്ക് വൻ ജനപ്രീതിയാണ് ഉണ്ടായത്. ആൺകുട്ടികൾക്ക് പല സ്‌ഥലങ്ങളിലും നൽകിയത് അറബി പേരായ അൻവർ എന്നതാണ് (വെളിച്ചം). ഏകദേശം 324 പേർ. മുൻ വർഷം 199 കുട്ടികൾക്ക് മാത്രമായിരുന്നു ഈ പേരിട്ടത്. 462 പെൺകുട്ടികൾക്കാകട്ടെ ടിമിയ എന്ന പേരിട്ടു. പോയവർഷം 180 പേർക്കാണ് ഈ പേരിട്ടത്. ഈ പേരുകൾ ഇഷ്‌ടപ്പെടുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി.

കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്വിറ്റ്സർലൻഡിലെ ഏറ്റവും ജനപ്രിയ പേരുകൾ ഇവയാണ് ആൺകുട്ടികൾക്ക് ലിയോൺ, നോഹ, ലൂക്ക, ലിയാം, ഡേവിസ്, ലെവിൻ, ഏലിയാസ്, നിക്കോ എന്നും പെൺകുട്ടികൾക്ക് മിയ, എമു, ലേന, റാന, ലിയോണി, എമിലിയ, അന്ന, എലേന എന്നിങ്ങനെയും.

ഏറ്റവും വലിയ പ്രത്യേകത ജർമൻ സംസാരിക്കുന്ന മേഖലകളിൽ മാതാപിതാക്കൾ തെരഞ്ഞെടുത്തത് ലിയോൺ, മിയ, ഗബ്രിയേൽ, എമ്മ എന്നീ പേരുകളും ഫ്രഞ്ച് ഭാഗത്ത് ലിയനാർഡോ, സോഫിയ എന്നീ പേരുകളും ഇറ്റാലിയൻ ഭാഗത്ത് ലൗറിൻ, അലേശ്യ എന്നീ പേരുകളുമായിരുന്നു.

ഓരോ കന്റോണുകളിലും വേറെ വേറെ പേരുകളാണ് പോപ്പുലറായത്. സൂറിച്ചിൽ ലിയോൺ, മിയ എന്നീ പേരുകൾ ടോപ്പായപ്പോൾ ഊറിയിൽ ടിമ്മും എമ്മയും ഹിറ്റായി. എന്നാൽ ബ്യുണ്ട്നറിൽ നിനോയും ലാറയുമാണ് സൂപ്പർഹിറ്റായത്.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ