യൂറോപ്പിൽ ബുർക്കിനി നിരോധനം: വിവാദം മുറുകുന്നു
Monday, August 29, 2016 7:00 AM IST
പാരിസ്: ഫ്രാൻസിലെ നിരവധി നഗരങ്ങളിൽ നടപ്പാക്കിയ ബുർക്കിനി നിരോധനം കോടതി റദ്ദാക്കിയതിനു പിന്നാലെ ഇതുസംബന്ധിച്ച സംവാദങ്ങൾ കൊഴുക്കുന്നു. രാജ്യത്തെ ഉന്നത കോടതി വില്ലന്യൂവ്ലോബെറ്റ് പ്രദേശത്ത് നടപ്പാക്കിയ നിരോധമാണ് പൗരാവകാശങ്ങളുടെ ലംഘനമാണെന്നു വിലയിരുത്തി റദ്ദാക്കിയത്. വിധിയെ തുടർന്നു മുപ്പതോളം നഗരങ്ങളിലെ മേയർമാർ കോടതി ഉത്തരവ് നടപ്പാക്കാൻ നിർദേശം നൽകിയപ്പോൾ ചില നഗരസഭകൾ നിരോധനം തുടരുമെന്നു വ്യക്‌തമാക്കിയിട്ടുണ്ട്.

നീസ്, ഫ്രെജൂസ്, സിസ്കോ തുടങ്ങിയ നഗരങ്ങളിലാണ് നിരോധനം തുടരുമെന്ന് അറിയിച്ചത്. എന്നാൽ, നിരോധനം ഏറെനാൾ തുടരാൻ കഴിയില്ലെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. അതിനിടെ, വെള്ളിയാഴ്ചത്തെ വിധി സമ്പാദിച്ച മനുഷ്യാവകാശ പ്രവർത്തകനായ അഭിഭാഷകൻ എല്ലാ പട്ടണങ്ങളിലെയും നിരോധനം കോടതിയിൽ ചോദ്യംചെയ്യുമെന്നു വ്യക്‌തമാക്കിയിട്ടുണ്ട്.

ബീച്ചുകളിൽ ശരീഅ നിയമമാണോ അല്ല ഫ്രാൻസിലെ നിയമമാണോ നടപ്പാക്കേണ്ടതെന്നു നാം തീരുമാനിക്കേണ്ടതുണ്ടെന്ന് വിധിയെക്കുറിച്ച് വില്ലന്യൂവ്ലോബെറ്റ് മേയർ ലയണൽ ലൂക പ്രതികരിച്ചു. പൊതുമണ്ഡലത്തിൽ രാഷ്ര്‌ടീയ ഇസ്ലാമിനു സ്വീകാര്യത നൽകുന്നതാണ് വിധിയെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവൽ വാൾസ് നിരോധനത്തെ പിന്തുണച്ച് ഫേസ്ബുക്കിൽ കുറിച്ചു. അതിനിടെ, ഫ്രാൻസിലെ പൊതുസമൂഹം നിരോധനത്തെ അനുകൂലിക്കുകയാണെന്ന അഭിപ്രായ സർവേ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

കോടതി വിധിയോടെ ബുർക്കിനി വിവാദത്തിന്റെ അവസാനമാകില്ലെന്നു രാഷ്ര്‌ടീയ നേതൃത്വത്തിന്റെ പ്രതികരണങ്ങളിൽനിന്ന് വ്യക്‌തമാകുന്നുണ്ട്. പൂർണമായി നിരോധിക്കുന്നതിന് ഇപ്പോൾ തന്നെ ശക്‌തമായ സമ്മർദം ഉയർന്നുകഴിഞ്ഞു. അടുത്തു വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇതു പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹ്യൂമൻ റൈറ്റ്സ് ലീഗ് എന്ന കൂട്ടായ്മയുടെ അഭിഭാഷകൻ പാട്രിസ് സ്പിനോസിയും ഫ്രാൻസിലെ ഇസ് ലാമോഫോബിയ വിരുദ്ധ കൂട്ടായ്മയുമാണ് നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചത്.

ഗൗരവമുള്ളതും വ്യക്‌തമായ മൗലികാവകാശ ലംഘനവുമാണ് ബുർക്കിനി നിരോധമെന്നു കോടതി വിധിയിൽ വ്യക്‌തമാക്കിയിരുന്നു. വിധി വസ്ത്രസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ ഭാവിയിലും ഉപയോഗിക്കപ്പെട്ടേക്കുമെന്നാണ് മനുഷ്യാവകാശ വൃത്തങ്ങൾ വിലയിരുത്തുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ