ഒമ്പതാമത് ഗോൾഡൻ ഫോക്ക് പുരസ്കാരം പി.പി. കുഞ്ഞിരാമപ്പെരുവണ്ണാന്
Tuesday, August 30, 2016 7:11 AM IST
കുവൈത്ത്: കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക്) ജില്ലയിലെ കലാ കായിക സാമൂഹിക മേഖലയിലെ സമഗ്ര സംഭാവനക്ക് നൽകുന്ന ഈ വർഷത്തെ ഗോൾഡൻ ഫോക്ക് പുരസ്കാരം പ്രമുഖ തെയ്യം കലാകാരനായ പി.പി.കുഞ്ഞിരാമപ്പെരുവണ്ണാന് ലഭിച്ചു. പ്രശസ്തി പത്രവും വെങ്കല ശില്പവും 25000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. കണ്ണൂർ പയ്യന്നൂരിലെ യമുനാതീരം ഓഡിറ്റോറിയത്തിൽ പുരസ്കാരം സമ്മാനിക്കും.

മലബാറിന്റെ അനുഷ്ഠാന കലയായ തെയ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഉത്തര മലബാറിലെ കണ്ണൂർ ശ്രീസ്‌ഥ സ്വദേശിയാണ് പി.പി.കുഞ്ഞിരാമപ്പെരുവണ്ണാൻ.

പതിനാറാം വയസു മുതൽ തെയ്യം കെട്ടൽ ആരംഭിച്ച് 24–ാം വയസിൽ ആചാരപ്പെട്ട അദ്ദേഹം മുച്ചിലോട്ട് ഭഗവതി, കടാങ്കോട്ട് മാക്കം, കതിവന്നൂർ വീരൻ, പുല്ലിയൂർ കാളി, വയനാട്ട് കുലവൻ, തൊണ്ടച്ചൻ തുടങ്ങിയ പ്രസിദ്ധ തെയ്യങ്ങളോടൊപ്പം വണ്ണാൻ വിഭാഗത്തിലെ എല്ലാ തെയ്യങ്ങളും കെട്ടിയാടിയിട്ടുണ്ട്. ബംഗളൂരു നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ തെയ്യം ക്ലാസ് അവതരിപ്പിച്ചിട്ടുണ്ട്. വിദേശങ്ങളിൽ പോലും തെയ്യത്തിന്റെ പ്രശസ്തി എത്തിച്ച അദ്ദേഹത്തിന് നാലു പതിറ്റാണ്ടിലേറെയായി തെയ്യം കെട്ടുകയും തെയ്യം കലയ്ക്ക് നൽകിയ സംഭാവനകളെയും മുൻനിർത്തി കേരള ഫോക് ലോർ അക്കാദമി അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കെ.കെ.ആർ. വെങ്ങര, കെ.കെ. മാരാർ, ദിനകരൻ കൊമ്പിലാത്ത് എന്നിവരാണു ജൂറി അംഗങ്ങൾ. അനൂപ്കുമാർ, കെ. ഓമനക്കുട്ടൻ എം.പവിത്രൻ എന്നിവരാണ് അവാർഡ് പ്രവർത്തങ്ങൾ ഏകോപിപ്പിച്ച കുവൈത്തിലെ ഫോക് കമ്മിറ്റി അംഗങ്ങൾ.

കണ്ണൂരിൽ നടന്ന പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഷൈമേഷ്, സൂര്യനാരായൺ, വിജയേഷ് എന്നിവർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ