ബുർഖ നിരോധിക്കണമെന്നു ഭൂരിപക്ഷം സ്വിറ്റ്സർലൻഡുകാരും
Tuesday, August 30, 2016 8:13 AM IST
ബർലിൻ: മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണ രീതി രാജ്യത്ത് നിരോധിക്കപ്പെടണമെന്നു ഭൂരിപക്ഷം സ്വിറ്റ്സർലൻഡുകാരും ആഗ്രഹിക്കുന്നതായി സർവേ ഫലം.

ടിസിനോ കാന്റൺ ഇതിനകം തന്നെ ബുർഖ നിരോധനം നടപ്പാക്കിക്കഴിഞ്ഞു. കഴിഞ്ഞ മാർച്ചു മുതൽ ബുർഖ നിരോധനം ആവശ്യപ്പെട്ട് രാജ്യത്ത് ശക്‌തമായ കാമ്പയിൻ നടക്കുകയാണ്. 15,824 പേർക്കിടയിലാണ് ബുർഖ നിരോധനം സംബന്ധിച്ച സർവേ സംഘടിപ്പിച്ചത്. ഇതിൽ എഴുപതു ശതമാനത്തിലധികം പേരും നിരോധനത്തോടു യോജിച്ചു. 55 ശതമാനം പേർ പൂർണമായി യോജിച്ചപ്പോൾ 16 ശതമാനം പേർ ഭാഗികമായി അനുകൂലിക്കുകയാണു ചെയ്തത്.

പുരുഷൻമാർക്കും സ്ത്രീകൾക്കുമിടയിൽ ഇക്കാര്യത്തിൽ വലിയ അഭിപ്രായ വ്യത്യാസം പ്രകടമായില്ല. 73 ശതമാനം പുരുഷൻമാരും 69 ശതമാനം സ്ത്രീകളും യോജിച്ചു. രാജ്യത്തെ ജർമൻ വംശജരിൽ 72 ശതമാനവും ഫ്രഞ്ച് വംശജരിൽ 70 ശതമാനവും യോജിച്ചു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ