ഡാളസിൽ തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ സിറ്റി കൗൺസിൽ നടപടികൾ ആരംഭിച്ചു
Wednesday, August 31, 2016 6:58 AM IST
ഡാളസ്: ഡാളസിന്റെ പരിസരങ്ങളിൽ വർധിച്ചുവരുന്ന തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിന് ക്രിയാത്മക നടപടികളുമായി സിറ്റി കൗൺസിൽ. ഓഗസ്റ്റ് 30നു ഡാളസ് സിറ്റി ഹാളിൽ ചേർന്ന യോഗത്തിനുശേഷം കൗൺസിൽ ഐകകണ്ഠേനയാണ് തെരുവു നായ്ക്കളെ നിയന്ത്രിക്കുന്നതിനു ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഭേദഗതി കൂടാതെ അംഗീകരിച്ചത്.

സൗത്ത് ഡാളസിലെ അമ്പത്തിരണ്ടുകാരിയായ സ്ത്രീയെ നായ്ക്കൾ കടിച്ചുകീറി കൊലപ്പെടുത്തിയതിനെത്തുടർന്നാണ് അടിയന്തര നടപടികൾ സ്വീകരിക്കുവാൻ കൗൺസിൽ അംഗങ്ങളെ പ്രേരിപ്പിച്ചത്. സിറ്റി മേയർ മൈക്ക് റോളിണ്ടസാണ് തെരുവു നായ്ക്കളിൽ നിന്നും നേരിടുന്ന ഭീഷണിയെക്കുറിച്ച് കൗൺസിൽ യോഗത്തിൽ വിശദീകരിച്ചത്. ഡാളസ് സിറ്റിയിൽ 350,000 നായ്ക്കളാണുള്ളത്. ഇതിൽ 8,700 എണ്ണം തെരുവുകളിൽ അലയുകയാണെന്നും മേയർ പറഞ്ഞു.

അലഞ്ഞു നടക്കുന്ന നായ്ക്കൾക്കു വന്ധ്യകരണ ശസ്ത്രക്രിയ നിർബന്ധമാക്കണമെന്നു നിർദ്ദേശം നടപ്പാക്കുന്നതിന് 21 മില്യൺ ഡോളർ ചെലവുവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ നിലവിലുളള ബജറ്റ് പ്രതിവർഷം 1.1 മില്യൻ ഡോളറാണ്. നികുതിദായകരുടെ പണം ഉപയോഗിക്കാതെ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ ഇതിനുപയോഗിക്കുവാനാണ് പദ്ധതി തയാറാക്കുന്നത്. 7.5 മില്യൺ ഡോളർ പ്രതിവർഷം ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് മുപ്പത് ദിവസത്തിനകം നിർദ്ദേശങ്ങൾ പഠിച്ചു റിപ്പോർട്ടു സമർപ്പിക്കുന്നതിന് കൗൺസിൽ സിറ്റി മാനേജർ ഗൊൺസാലോസിനെ ചുമതലപ്പെടുത്തി.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ