നികുതിയടയ്ക്കാൻ നിർബന്ധിച്ചാൽ ജീവനക്കാരെ പിരിച്ചുവിടും: ആപ്പിൾ
Wednesday, August 31, 2016 8:33 AM IST
ബ്രസൽസ്: 14.5 ബില്യൻ യൂറോ മതിക്കുന്ന നികുതി കുടിശിക അടച്ചു തീർക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്നു ആപ്പിൾ കമ്പനി യൂറോപ്പിനെ ആകമാനം ഭീഷണിപ്പെടുത്തുന്നു. നികുതി അടയ്ക്കാൻ നിർബന്ധിച്ചാൽ യൂറോപ്പിലെ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നാണ് ഭീഷണി.

ഐറിഷ് സർക്കാരുമായി ആപ്പിൾ ഒപ്പുവച്ച നിയമവിരുദ്ധ കരാർ പ്രകാരമാണ് ഇത്ര വലിയ നികുതി കുടിശിക വന്നത്. ഇതു തിരിച്ചടയ്ക്കാൻ യൂറോപ്യൻ യൂണിയൻ നിർദേശിക്കുകയായിരുന്നു. യൂറോപ്യൻ യൂണിയനിലെ പുതിയ റിക്കാഡാണ് ഈ തുക. മുൻപത്തേതിനേക്കാൾ നാല്പതു ശതമാനം അധികം.

യുഎസിനു പുറത്ത് ലാഭത്തിന്റെ 0.005 ശതമാനം ടാക്സ് മാത്രമാണ് ആപ്പിൾ അടച്ചു വരുന്നത്. 2011ൽ കമ്പനി 22 ബില്യൻ ഡോളർ ലാഭം നേടിയിട്ടും 55 മില്യൻ മാത്രമാണ് അയർലൻഡിൽ നികുതി അടച്ചത്. യൂറോപ്യൻ യൂണിയന്റെ നിർദേശത്തിനെതിരേ അപ്പീൽ നൽകുമെന്ന് ആപ്പിൾ അറിയിച്ചു. ആപ്പിളിനു കിട്ടിയതു പോലുള്ള ഉത്തരവുകൾ അടുത്ത വർഷത്തോടെ ഗൂഗ്ളിനും ആമസോണിനും പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ