ഐഎപിസി അറ്റ്ലാന്റാ ചാപ്റ്റർ ഉദ്ഘാടനവും അന്താരാഷ്ട്ര മാധ്യമ കോൺഫ്രൻസ് കിക്കോഫും രണ്ടിന്
Thursday, September 1, 2016 2:43 AM IST
അറ്റ്ലാന്റാ: ഇൻഡോ –അമേരിക്കൻ പ്രസ്ക്ലബ് (ഐഎപിസി)ന്റെ അറ്റ്ലാന്റാ ചാപ്റ്റർ ഉദ്ഘാടനവും മൂന്നാമതു അന്താരാഷ്ര്‌ട മാധ്യമസമ്മേളനത്തിനു മുന്നോടിയായുള്ള കിക്കോഫും സെപ്റ്റംബർ രണ്ടിനു നടക്കും. അറ്റ്ലാന്റയിലെ ഏഷ്യാനാ ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങ്. ഇതിനു മുന്നോടിയായി ഓഗസ്റ്റ് 18 നു ചേർന്ന ചാപ്റ്റർ യോഗത്തിൽ ഐഎപിസി ദേശീയ പ്രസിഡന്റ് പർവീൺ ചോപ്ര അധ്യക്ഷത വഹിച്ചു. ഇൻഡോ അമേരിക്കൻ പ്രസ്ക്ലബിന്റെ പുരോഗമനപരമായ പ്രവർത്തനങ്ങളെ അദ്ദേഹം വിലയിരുത്തി. ദേശീയ സെക്രട്ടറി മിനി നായർ സ്വാഗതം പറഞ്ഞു. അറ്റ്ലാന്റാ ചാപ്റ്റർ രുപീകരിക്കാനുള്ള ശ്രമങ്ങളെ അവർ അഭിനന്ദിച്ചു. ഐഎപിസി ഡയറക്ടർ ബോർഡ് അംഗവും ജോയ് ടിവി ഡയറക്ടറുമായ ഫാ. ജോൺസൺ പുഞ്ചക്കോണം മുഖ്യാതിഥിയായിരുന്നു. തുടർന്ന് അറ്റ്ലാന്റാ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചാപ്റ്റർ പ്രസിഡന്റായി ഡൊമനിക് ചാക്കോനാലിനെയും സെക്രട്ടറിയായി ജോൺസൺ ചെറിയാനെയും തെരഞ്ഞെടുത്തു. അലക്സ് തോമസ് (വൈസ് പ്രസിഡന്റ്), ക്രിസ്റ്റീന ടോമി (ജോയിന്റ് സെക്രട്ടറി), നൈനാൻ കോടിയാട്ട് (ട്രഷറാർ), സാജു തോമസ് (പിആർഓ), ജോസ് കുര്യൻ, തോമസ് കല്ലടാന്തിയിൽ (എക്സിക്യൂട്ടീവ് കമ്മറ്റി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ഫാ. ജോൺസൺ പുഞ്ചക്കോണം (ബോർഡ് അംഗം), സാബു കുര്യൻ, മിനി സുധീർ നായർ (നാഷണൽ സെക്രട്ടറി), റെജി ചെറിയാൻ, ജമാലുദീൻ തുടങ്ങിയവർ പുതിയ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിക്കൊണ്ട് ഉപദേശക സമിതിയായി പ്രവർത്തിക്കും.

ജോർജിയയിലെ പത്ര മാധ്യമ പ്രവർത്തകരെ ഒരു കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിലും അറ്റ്ലാന്റയിൽ മാതൃകാപരമായ ഒരു ചാപ്റ്റർ വളർത്തിയെടുത്ത് ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടുവാൻ യത്നിക്കുമെന്നും ഒക്ടോബറിൽ നയാഗ്രയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ര്‌ട മാധ്യമ കോൺഫ്രൻസിൽ അറ്റ്ലാന്റാ ചാപ്റ്ററിൽ നിന്നും എല്ലാവിധ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും പ്രസിഡന്റ്് പദവി ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് ചാക്കോനാൽ പറഞ്ഞു. തോമസ് കല്ലടാന്തി, നൈനാൻ കോടിയാട്ട് എന്നിവർ അറ്റ്ലാന്റാ ചാപ്റ്ററിനും എക്സിക്യൂട്ടീവ് കമ്മറ്റിക്കും ആശംസകൾ അർപ്പിച്ചു.

സെപ്റ്റംബർ രണ്ടിനു നടക്കുന്ന മാധ്യമ പ്രവർത്തകരുടെ യോഗത്തിൽ മുഖ്യാതിഥി ഐഎപിസി ബോർഡ് ചെയർമാൻ ജിൻസ്മോൻ സഖറിയയുടെ നേതൃത്വത്തിൽ ചാപ്റ്റർ ഭാരവാഹികളുടെ സ്‌ഥാനാരോഹണം നടക്കും. അതോടൊപ്പം നയാഗ്രയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ര്‌ട മാധ്യമ സമ്മേളനത്തിന്റെ കിക്കോഫും നടത്തും.

പുതിയ ചാപ്റ്ററിന്റെ ഉദ്ഘാടനത്തിനും ഭാരവാഹികളുടെ സ്‌ഥാനാരോഹണച്ചടങ്ങിനും കിക്കോഫിനും കോ ചെയർപേഴ്സൺ വിനി നായർ, ഐഎപിസി നാഷണൽ ജനറൽസെക്രട്ടറി കോരസൻ വർഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാത്യൂ ജോയിസ് തുടങ്ങിയവർ അഭിനന്ദനങ്ങൾ അറിയിക്കുകയും പ്രവർത്തനങ്ങൾക്ക് വിജയാശംസകൾ നേരുകയും ചെയ്തു.

<യ> റിപ്പോർട്ട്: ഡോ.മാത്യൂ ജോയിസ്