റിമാൽ ചികിൽസ സഹായം പ്രഖ്യാപിച്ചു
Thursday, September 1, 2016 5:45 AM IST
റിയാദ്: മലപ്പുറം മുനിസിപ്പാലിറ്റിയിലേയും ചുറ്റുവട്ടത്തെ ഒമ്പതു പഞ്ചായത്തുകളിലെയും റിയാദിലുള്ള പ്രവാസികളുടെ കൂട്ടായ്മയായ റിമാൽ ബത്ഹയിലെ റിമാൽ ഹൗസിൽ ചേർന്ന യോഗത്തിൽ 2016–17 വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കർമ രേഖക്ക് രൂപകല്പന നൽകി.

പ്രവാസികൾക്ക് ജോലി നഷ്‌ടപ്പെടുന്ന പ്രശ്നങ്ങളിൽ കാര്യമായ ഇടപെടലുകൾ നടത്തി ഉചിതമായ ജോലി കണ്ടെത്തുന്നതിന് സഹായിക്കാൻ കമ്മിറ്റി തീരുമാനിച്ചു. 2016–17 ചികിൽസാ സഹായം നാട്ടിൽ മാരക രോഗത്തിനടിമപ്പെട്ട സാമ്പത്തിക ശേഷിയില്ലാത്ത 70 ഓളം രോഗികൾക്കു നൽകാൻ യോഗത്തിൽ തീരുമാനമായി. പെരുന്നാളിനു മുമ്പായി നിശ്ചിത തുക നാട്ടിലുള്ള റിമാൽ അംഗങ്ങൾ ഓരോ രോഗികളുടെയും വീട്ടിൽ നേരിട്ട് എത്തിക്കുന്നതാണ്. ഇതിലേക്ക് സംഭാവന ചെയ്യാൻ താത്പര്യമുള്ളവർ ഭാരവാഹികളായ മുസമ്മിൽ 0559737949, ജാഫർ 0501959074 എന്നിവരെ ബന്ധപ്പെടുക.

കരിപ്പൂർ എയർപോർട്ടിന്റെ ദുരൂഹത മാറ്റി സൗദിയിൽ നിന്നും മറ്റും നേരിട്ട് സർവീസ് പുനരാരംഭിക്കുക, പ്രവാസി പുനരധിവാസം ഊർജിതപ്പെടുത്തി നോർക്ക വഴി കിട്ടുന്നതും കിട്ടേണ്ടതുമായ എല്ലാ ആനുകൂല്യങ്ങളും മുനിസിപ്പൽ, പഞ്ചായത്ത് തലത്തിൽ സെല്ലുകൾ രൂപീകരിച്ച് പ്രവാസികൾക്ക് കൈപറ്റാൻ സുഗമമാക്കിക്കൊടുക്കുക തുടങ്ങിയ വിഷയങ്ങളിൽ അധികാരികളുടെ അത്യാവശ്യ ഇടപെടലുകൾ ആവശ്യപ്പെട്ടുകൊണ്ട് വകുപ്പു മന്ത്രി, സ്‌ഥലം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.

പ്രസിഡന്റ് തറയിൽ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഉമ്മർ ഉമ്മത്തൂർ പ്രമേയം അവതരിപ്പിച്ചു. ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾ റഷീദ് കെ.കെ വിശദീകരിച്ചു. മുഹമ്മദ് പൊന്മള, സൂജ പൂളക്കണ്ണി എന്നിവർ പ്രസംഗിച്ചു. പി.കെ. റഫീഖ്, മുസമ്മിൽ തേങ്ങാട്ട്, സി.കെ. അബ്ദുറഹ്മാൻ, ഇഖ്തിയാർ പാങ്ങ് തുടങ്ങിയവർ സംബന്ധിച്ചു.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ