യുവതിയുടെ ഹാൻഡ്ബാഗിൽ ബോംബ്; ഫ്രാങ്ക്ഫർട്ട് വിമാനത്താവളം ഒഴിപ്പിച്ചു
Thursday, September 1, 2016 5:49 AM IST
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ യാത്രക്കാരിയുടെ ഹാൻഡ്ബാഗിനുള്ളിൽ ബോംബ് കണ്ടെത്തിയതിനെ തുടർന്നു വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചത് ഏറെ നേരം പരിഭ്രാന്തി പരത്തി.

ബുധനാഴ്ച ഉച്ചയ്ക്ക് ടെർമിനൽ ഒന്നിലാണ് സംഭവം. രണ്ടു കുഞ്ഞുങ്ങളുമായെത്തിയ യുവതി ടെർമിനലിലെ സെക്യൂരിറ്റി ചെക്കിംഗിനിടെയാണ് പിടിയിലായത്. തുടർന്നു ബോംബു സ്ക്വാഡും പോലീസും എത്തി ബോംബ് നിർവീര്യമാക്കുകയും യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്നു നടന്ന പരിശോധനയിൽ വിമാനത്താവളവും പരിസരവും സുരക്ഷിതമെന്നു ഉറപ്പുവരുത്തിയതിനുശേഷമാണ് വീണ്ടും പ്രവർത്തനക്ഷമമായത്.

സംഭവത്തേതുടർന്നു നൂറിലധികം ഫ്ളൈറ്റുകൾ റദ്ദാക്കി. യുവതിയെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമാണ് ഫ്രാങ്ക്ഫർട്ടിലേത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ