മാർ സ്രാമ്പിക്കൽ 18നു ലണ്ടനിൽ
Thursday, September 1, 2016 6:00 AM IST
ന്യൂകാസിൽ: ഇംഗ്ലണ്ട്, സ്കോട്ലാൻഡ്, വെയിൽസ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടന്റെ പുതിയ സീറോ മലബാർ രൂപത ഇടയനായി ചുമതലയേൽക്കുന്ന മാർ ജോസഫ് സ്രാമ്പിക്കൽ സെപ്റ്റംബർ 18നു യുകെയിൽ എത്തും. സീറോ മലബാർ സിനഡിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന നിയുക്‌ത മെത്രാൻ ഉടൻ തന്നെ റോമിലേക്ക് തിരിക്കും. നിലവിൽ അദ്ദേഹം വൈസ് റെക്ടർ ആയി സേവനം അനുഷ്ഠിക്കുന്ന റോമിലെ പ്രസിദ്ധമായ കോളേജിയോ ഉർബാനോയിൽ 17നു സഹപ്രവർത്തകരും വിദ്യാർഥികളും ചേർന്നു യാത്രയയപ്പു നൽകും.

ദൈവശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദം ഉൾപ്പെടെ നൽകുന്ന ഈ യൂണിവേഴ്സിറ്റിയിൽ സീറോ മലബാർ സഭയിൽ നിന്ന് വൈസ് റെക്ടർ ആയി സേവനം അനുഷ്‌ടിച്ച രണ്ടു പേരും മെത്രാൻ സ്‌ഥാനത്തേക്ക് ഉയർത്തപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. പാലാ രൂപതയുടെ രണ്ടാമത്തെ മെത്രാൻ ആയിരുന്ന മാർ ജോസഫ് പള്ളിക്കാപറമ്പിലാണ് ഇതിനു മുമ്പു യൂണിവേഴ്സിറ്റിയുടെ വൈസ് റെക്ടർ ആയി സേവനം അനുഷ്‌ടിച്ചിട്ടുള്ളത്. മാർ ജോസഫ് സ്രാമ്പിക്കലിന്റെ ഒഴിവിലേക്ക് പാലക്കാട് രൂപതയിൽ നിന്നുള്ള ഫാ. ജോബി കുന്നത്തേട്ട് ആണ് നിയമിതനായിരിക്കുന്നത്.

18നു മാഞ്ചസ്റ്ററിലെത്തുന്ന മാർ സ്രാമ്പിക്കൽ വൈകുന്നേരം 6.30ന് രൂപത ആസ്‌ഥാനമായ പ്രസ്റ്റൺ സെന്റ് അൽഫോൻസ കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ബ്രിട്ടനിലെ വിവിധ രൂപതകളിലെ മെത്രാന്മാരെയും വൈദികരേയും വിശ്വാസികളേയും സന്ദർശിച്ചു പ്രാർഥന സഹായം അഭ്യർഥിക്കും.

യുകെ സാക്ഷ്യം വഹിക്കുന്ന ആത്മീയ സമ്മേളനത്തിന്റെ വിജയത്തിനായി സീറോ മലബാർ കോഓർഡിനേറ്റർ റവ. ഡോ. തോമസ് പറയടിയിൽ ജനറൽ കൺവീനറായും റവ. ഡോ. മാത്യു ചൂരപൊയ്കയിൽ ജോയിന്റ് കൺവീനറായും പതിനഞ്ചോളം വിവിധ കമ്മിറ്റികൾ ആണ് ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകുന്നത്.

യുകെയിൽ എത്തുന്ന മാർ സ്രാമ്പിക്കൽ വൈദികരുടെയും അൽമായ നേതാക്കളുടെയും യോഗം വിളിച്ചുചേർത്ത് പുരോഗതികൾ വിലയിരുത്തുകയും ഓരോ സ്‌ഥലങ്ങളിലും നടക്കുന്ന ഒരുക്കങ്ങൾ വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും.

മെത്രാഭിഷേക ശുശ്രൂഷകളിൽ ആദ്യന്തം പങ്കെടുക്കാൻ പ്രാർഥനാപൂർവം ഒരുങ്ങിയിരിക്കുകയാണ് യുകെയിലെ സീറോ മലബാർ സമൂഹം എന്ന് മീഡിയ കോഓർഡിനേറ്റർ ഫാ. ബിജു കുന്നക്കാട്ട് അറിയിച്ചു.

<ആ>റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ