മദർ തെരേസയുടെ ദിവ്യസ്മരണയുടെ ധന്യതയിൽ ജർമനിയിലെ ഇന്ത്യൻ സമൂഹം
Thursday, September 1, 2016 8:01 AM IST
കൊളോൺ: അഗതികളുടെ അമ്മയെന്നു ലോകം വിശേഷിപ്പിക്കപ്പെടുന്ന മദർ തെരേസയെ വിശുദ്ധരുടെ പട്ടികയിൽ ഏഴുതിച്ചേർക്കപ്പെടുന്ന സുദിനം സമാഗതമാവുന്നു. കരുണയുടെ രൂപവും ഭാവവും തുടിപ്പുമായി മാറിയ മദർ ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധയായി ലോകം കണ്ടിരുന്നുവെങ്കിലും അതിന്റെ സാക്ഷാത്കാരമായി ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പാ സെപ്റ്റംബർ നാലിന് വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ മദറിനെ പേരുചൊല്ലി വിശുദ്ധരുടെ ഗണത്തിലേയ്ക്കുയർത്തപ്പെടുകയാണ്. മദറിനു ലഭിക്കുന്ന വിശുദ്ധ പദവിയിൽ ജർമനിയിലെ ഇന്ത്യൻ സമൂഹവും പ്രത്യേകിച്ച് മലയാളികളും ഏറെ സന്തോഷത്തിലാണ്.

1989 സെപ്റ്റംബർ 19 ന് ജർമനിയിലെ ബോണിൽ നടന്ന പതിനാലാമത് വേൾഡ് ഫാമിലി കോൺഫറൻസിൽ പങ്കെടുക്കാൻ മദർ തെരേസ എത്തിയിരുന്നു. അന്നു ബോണിൽ ജർമനിയിലെ കൊളോൺ ആസ്‌ഥാനമായുള്ള ഇന്ത്യൻ കമ്യൂണിറ്റിക്ക് മദറുമായി പ്രത്യേകം കൂടിക്കാണാനുള്ള അവസരവും കൈവന്നിരുന്നു. ബോണിലെ ബീതോവൻ ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ ഏതാണ്ട് അറുനൂറിലധികം മലയാളികൾ അവിടെ എത്തിയിരുന്നു. ഇന്ത്യൻ കമ്യൂണിറ്റിയുടെ അന്നത്തെ ചാപ്ളെയിൻ ഫാ.ജോസ് ഫ്രാങ്ക് ചക്കാലയ്ക്കൽ സിഎംഐയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സമൂഹം മദർ തെരേസയുമായി കൂടിക്കണ്ടത്. ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ മദറുമായി ഫ്രാങ്ക് ചക്കാലയ്ക്കൽ അച്ചനും മറ്റു പ്രതിനിധികളും സംസാരിച്ചിരുന്നു. മദറിന്റെ കാരുണ്യത്തിന്റെ തണലിൽ ചെലവഴിക്കാൻ ലഭിച്ച നിമിഷങ്ങൾ ജവിതത്തിലെ അസുലഭ സുവർണ സമ്മാനമായിട്ടാണ് ഇന്ത്യൻ സമൂഹം ഇപ്പോഴും കരുതുന്നത്. കൂടിക്കാഴ്ചയിൽ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് കമ്യൂണിറ്റിയുടെ അന്നത്തെ (1989) തിരുനാൾ പ്രസുദേന്തിയായിരുന്ന കോതമംഗലം സ്വദേശി തോമസ് അറമ്പൻകുടിയാണ് മദറിനു് ബൊക്ക നൽകി സ്വീകരിച്ചത്. ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ദൈവാനുഗ്രഹമായും ഭാഗ്യമായും ആ അസുല നിമിഷത്തെ സ്മരിക്കുന്നുവെന്ന് തോമസ് അറമ്പൻകുടി ലേഖകനോടു പറഞ്ഞു.

മലയാളികളുമായിട്ടുള്ള കൂടിക്കാഴ്ചയിൽ പരിശുദ്ധ മാതാവിനോടുള്ള പ്രാർഥനയും കൊന്തനമസ്കാരങ്ങളും നിത്യേന ചൊല്ലി മാതാവിന്റെ മക്കളായി, കരുണയുടെ അംബാസഡർമാരായി മാറണമെന്ന അഭ്യർഥന നൽകിയാണ് മദർ തെരേസ സമൂഹത്തെ ധന്യമാക്കിയത്.

സെപ്റ്റംബർ നാലിന് നടക്കുന്ന വിശുദ്ധ പ്രഖ്യാപന ചടങ്ങിനു സാക്ഷ്യമേകാൻ ഇന്ത്യൻ കമ്യൂണിറ്റിയുടെ ഇപ്പോഴത്തെ ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരിയുടെ നേതൃത്വത്തിൽ വത്തിക്കാനിൽ എത്തും.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ