ദശാബ്ദിയുടെ നിറവിൽ ഷിക്കാഗോ സേക്രട്ട് ഹാർട്ട് ദേവാലയം, അനുമോദനങ്ങളുമായി അഭിവന്ദ്യ പിതാക്കന്മാർ
Saturday, September 3, 2016 2:35 AM IST
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ പ്രഥമ ക്നാനായ ദേവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ദശാബ്ദി ആഘോഷിക്കുമ്പോൾ ആശംസകൾ നേരുവാൻ അഭിവന്ദ്യ പിതാക്കന്മാർ എത്തിച്ചേരുന്നു. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ സാന്നിധ്യത്തിൽ അനുഗ്രഹീതമാകുന്ന ദശാബ്ദി ആഘോഷങ്ങളിൽ, കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് എന്നിവർ പങ്കെടുക്കുന്നു.

വടക്കേ അമേരിക്കയിൽ ഇന്നു ക്നാനായ സമുദായത്തിനു 12 ദൈവാലയങ്ങളും, 9 മിഷനുകളും സ്‌ഥാപിക്കാൻ പ്രചോദനം നൽകിയ ഷിക്കാഗോ സേക്രഡ് ഹാർട്ട് ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളിൽ ക്നാനായ റീജിയണിലെ മുഴുവൻ വൈദികരോടൊപ്പം അത്മായ പ്രതിനിധികളും പങ്കെടുക്കുന്നു. വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിനു എന്നും ഓർമയിൽ നിറഞ്ഞുനിൽകുന്ന പരിപാടികളാണ് സെപ്റ്റംബർ 9,10,11 തിയതികളിൽ അരങ്ങേറുന്നത്.

സെപ്റ്റംബെർ ഒമ്പതിനു വെള്ളിയാഴ്ച വൈകിട്ട് ഏഴിനു അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന സമൂഹബലിയോടെ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്നു പാരീഷ്ഹാളിൽ ഇടവകയിലെ കലാകാരന്മാരും കലാകാരികളും, കഴിഞ്ഞ പത്തു വർഷത്തെ ചരിത്രത്തിന്റെ ഹാസ്യാത്മകമായ ആവിഷ്കാരം അണിയിച്ചൊരുക്കുന്ന കലാസന്ധ്യ അരങ്ങേറും.

സെപ്റ്റംബർ പത്തിനു ശനിയാഴ്ച ക്യതജ്‌ഞതാ സമർപ്പണവുമായി 12 മണിക്കൂർ ആരാധന ദേവാലത്തിൽ വച്ചു നടത്തപ്പെടുന്നു. രാവിലെ 9:30 –നു അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോടെ ആരാധനക്ക് തുടക്കം കുറിക്കും. തുടർന്നു വിവിധ കൂടാരയോഗങ്ങളും മിനിസ്ട്രികളും ആരാധനക്ക് നേത്യുത്വം നൽകുന്നതാണ്. രാത്രി 8:30 –നു നടത്തപ്പെടുന്ന സമാപന ചടങ്ങുകൾക്ക് ഫാ. പോൾ ചാലിശേരി നേത്യുത്വം നൽകും.

സെപ്റ്റംബർ പതിനൊന്നിനു ഞായറാഴ്ച രാവിലെ 9:30 –നു ദൈവാലയ അങ്കണത്തിൽ അഭിവന്ദ്യ പിതാക്കന്മാരായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാർ ജോയി ആലപ്പാട്ട് എന്നിവർക്ക് സ്വീകരണം നൽകുന്നതാണ്. തുടർന്ന് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാർമ്മികത്വത്തിലും, മാർ മാത്യു മൂലക്കാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നിവരുടേയും, ക്നാനായ റീജിയണിലെ എല്ലാ വൈദികരുടേയും സഹകാർമ്മികത്വത്തിലുമുള്ള സമൂഹബലി ഉണ്ടായിരിക്കും. തുടർന്ന് പൊതുസമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

തിരുഹൃദയ ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളിൽ ഭക്‌തിപൂർവ്വം പങ്കെടുത്ത് ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും, സന്തോഷത്തിൽ പങ്കുചേരുവാനും, ഫൊറോനാ വികാരി വെരി
റവ. ഫാ. എബ്രാഹം മുത്തോലത്ത് ഏവരേയും സ്വാഗതം ചെയ്യുന്നു.

<യ> റിപ്പോർട്ട്: ബിനോയി കിഴക്കനടി