ന്യുയോർക്കിൽ മുൻ സ്കൂൾ അധ്യാപിക കുത്തേറ്റു മരിച്ചു
Saturday, September 3, 2016 2:36 AM IST
ക്യൂൻസ് (ന്യുയോർക്ക്): ഭർത്താവിനോടൊപ്പം ക്യൂൻസിൽ വഴിയിലൂടെ നടന്നു പോകുകയായിരുന്ന നസ്മ എന്ന മുൻ സ്കൂൾ അധ്യാപിക കുത്തേറ്റ് മരിച്ചു.

ഓഗസ്റ്റ് 31–നു ബുധനാഴ്ച വൈകിട്ട് 9.30–നു ക്യൂൻസിൽ ഇവരുടെ ഉടമസ്‌ഥതയിലുള്ള കട അടച്ചു വീട്ടിലേക്കു വരുന്നതിനിടയിലാണ് ഇവർ ആക്രമിക്കപ്പെട്ടത്. കുത്തേറ്റു വഴിയിൽ വീണ നസ്മയെ ജമൈക്ക ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ന്യുയോർക്ക് പോലീസിൽ അംഗമായ ഹുമയൂൺ കബീറിന്റെ കുടുംബാംഗമാണ് നസ്മ. 2009–ലാണു നസ്മ ഭർത്താവിനോടും ഇളയ മകനോടും ഒപ്പം ബംഗ്ലാദേശിൽ നിന്നും അമേരിക്കയിൽ എത്തിയത്. 2016 ജൂണിൽ എല്ലാവർക്കും അമേരിക്കൻ പൗരത്വം ലഭിച്ചിരുന്നു.

വംശീയാക്രമണത്തിന്റെ തുടർച്ചയാണ് ഇവരുടെ കൊലപാതമെന്നു ബന്ധുക്കൾ ആരോപിച്ചു. വീട്ടിൽ നിന്നും രണ്ടു ബ്ലോക്ക് അകലെയാണ് സംഭവം നടന്നത്. രണ്ടാഴ്ച മുമ്പാണ് മോസ്കിൽ നിന്നും പ്രാർഥന കഴിഞ്ഞു മടങ്ങുകയായിരുന്ന ഇമാമിനേയും സഹായിയേയും വെടിവെച്ചു കൊലപ്പെടുത്തിയത്. ഇവരും ബംഗ്ലാദേശിൽ നിന്നുളളവരായിരുന്നു.

പ്രതികളെ ആരേയും ഇതുവരെ പിടികൂടാനായില്ല. പൊലീസ് അന്വേഷണം ഊർജ്‌ജിതപ്പെടുത്തിയിട്ടുണ്ട്. ന്യുയോർക്ക് പൊലിസ് ഡിപ്പാർട്ട്മെന്റ് ഹെയ്റ്റ് ക്രൈം ടാസ്ക ഫോഴ്സാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

<യ> റിപ്പോർട്ട്: പി.പി. ചെറിയാൻ