കേരളത്തിലേക്ക് 19 സ്പെഷൽ ബസുകൾ; ടിക്കറ്റുകൾ ഭൂരിഭാഗവും തീർന്നു
Saturday, September 3, 2016 5:55 AM IST
ബംഗളൂരു: ഓണത്തിരക്ക് മുതലെടുത്ത് ഒരുമുഴം മുന്നേയെറിഞ്ഞ് കർണാടക ആർടിസി. തിരക്കേറിയ ദിവസങ്ങളിൽ കേരളത്തിലേക്ക് 19 സ്പെഷൽ ബസുകളാണ് പ്രഖ്യാപിച്ചത്. ഇവയിലെ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. ചൂടപ്പം പോലെയാണ് കർണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ വിറ്റുതീർന്നത്. മിക്ക ബസുകളിലെയും സീറ്റുകൾ കാലിയായി. മിക്ക ബസുകളും സേലം വഴിയായതിനാലാണ് കർണാടക ആർടിസി ബുക്കിംഗിന് തിരക്കേറുന്നത്.

അതേസമയം, കേരള ആർടിസി നാട്ടിലേക്ക് പതിനഞ്ചോളം സ്പെഷൽ സർവീസുകൾ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എട്ടെണ്ണം മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. ഏഴു ഡീലക്സ് ബസുകളും ഒരു സൂപ്പർ ഫാസ്റ്റുമാണ് പ്രഖ്യാപിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. പതിനഞ്ചോളം സ്പെഷൽ സർവീസുകൾ ഓണത്തിനുണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

കോഴിക്കോട്ടേക്ക് നാലും എറണാകുളം, കോട്ടയം, തൃശൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്ക് ഓരോ ബസുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്ടേക്കുള്ള ബസുകളുടെ ബുക്കിംഗ് വെള്ളിയാഴ്ച ആരംഭിച്ചു. മറ്റിടങ്ങളിലേക്കുള്ള ബസുകളുടെ ബുക്കിംഗ് വരുംദിവസങ്ങളിൽ ആരംഭിക്കും. കുറഞ്ഞത് രണ്ടു സർവീസെങ്കിലും സേലം വഴിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ഓണത്തിരക്കേറിയതോടെ കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ വളരെ നേരത്തെതന്നെ തീർന്നിരുന്നു. കേരള, കർണാടക ആർടിസി ബസുകളിലും തിരക്കേറുന്നതോടെ മലയാളികൾക്ക് നാട്ടിലെത്താൻ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടിവരും. ഓണത്തിരക്ക് മുതലെടുത്ത് സ്വകാര്യബസുകൾ അമിത നിരക്കാണ് ഈടാക്കുന്നത്.

<ആ>കേരള ആർടിസി സ്പെഷൽ ബസുകളുടെ സമയവിവരങ്ങൾ:

രാത്രി 8.30– കോഴിക്കോട് സൂപ്പർ ഡീലക്സ്
9.30– കോഴിക്കോട് സൂപ്പർ ഡീലക്സ് (കുട്ട വഴി)
11.40– കോഴിക്കോട് സൂപ്പർ ഡീലക്സ് (ബത്തേരി വഴി)
11.50– കോഴിക്കോട് സൂപ്പർ ഡീലക്സ് (ബത്തേരി വഴി)
8.15– തൃശൂർ സൂപ്പർ ഡീലക്സ് (കുട്ട വഴി)
7.45– എറണാകുളം സൂപ്പർ ഡീലക്സ് (കുട്ട വഴി)
7.30– കോട്ടയം സൂപ്പർ ഡീലക്സ് (കുട്ട വഴി)
10.00– പയ്യന്നൂർ സൂപ്പർ ഫാസ്റ്റ് (ചെറുപുഴ വഴി).