ലീഡ്സ് എട്ടു നോമ്പു തിരുനാളിനു നാളെ കൊടിയേറും
Saturday, September 3, 2016 5:58 AM IST
ലണ്ടൻ: പ്രവാസി മലയാളികളുടെയിടയിൽ പ്രസിദ്ധമായ ലീഡ്സ് എട്ടു നോമ്പ് ആചരണത്തിനും പരിശുദ്ധ കന്യാ മറിയത്തിന്റെ പിറവി തിരുനാളിനും നാളെ കൊടിയേറും. ലീഡ്സ് രൂപതയിൽ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾക്കായി സെന്റ് വിൽഫ്രഡ് ചർച്ചിൽ ഇദംപ്രഥമായി നടത്തപ്പെടുന്ന തിരുനാൾ ആചരണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്.

ആറ് വിശുദ്ധ കുർബാന കേന്ദ്രങ്ങളിലായിരുന്ന ലീഡ്സ് രൂപതയിലെ സീറോ മലബാർ വിശ്വാസികൾക്ക് സ്വതന്ത്ര ഉപയോഗത്തിനായി ലീഡ്സ് രൂപതാധ്യക്ഷൻ മാർക് സ്റ്റോക്സ് അനുവദിച്ചുതന്ന ദേവാലയത്തിൽ എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുർബാനയും മതബോധന പഠന ക്ലാസുകളും നടന്നു വരുന്നു. സ്വതന്ത്ര ഉപയോഗത്തിനായി ദേവാലയം ലഭിച്ചിട്ട് നടത്തുന്ന പ്രഥമ തിരുനാൾ നടത്തപ്പെടുന്നത് സീറോ മലബാർ ചാപ്ലെയിൻ ഫാ. മാത്യു മാളയോളിയുടെ നേതൃത്വത്തിലാണ്.

രാവിലെ പത്തിന് ഫാ. മോറിസ് പിയേഗ്സ് കൊടിയുയർത്തുന്നതോടെ എട്ടു നോമ്പാചരണത്തിനും ചാപ്ലെയിൻസി തിരുനാൾ ആഘോഷങ്ങൾക്കും തുടക്കമാകും. തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപ പ്രതിഷ്ഠ ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടക്കും.

തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും വൈകുന്നേരം 6.45ന് നൊവേനയും തുടർന്നു വിശുദ്ധ കുർബാനയും നേർച്ച വിതരണവും ശനി രാവിലെ പത്തിന് വിശുദ്ധ കുർബാനയും തുടർന്നു നൊവേനയും നടക്കും.

പ്രധാന തിരുനാൾ ദിനമായ 11നു (ഞായർ) രാവിലെ 10.15ന് ലദീഞ്ഞ്, തിരുനാൾ ഏൽപ്പിക്കൽ, വിശുദ്ധ കുർബാന എന്നിവയ്ക്ക് ലിവർപൂൾ സീറോ മലബാർ ചാപ്ലെയിൻ ഫാ. പോൾ അരീക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു വചന സന്ദേശം നൽകും. തുടർന്നു തിരുനാൾ പ്രദക്ഷിണവും സമാപനാശിർവാദവും സ്നേഹവിരുന്നും കലാസന്ധ്യയും അരങ്ങേറും.

പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്‌ഥം യാചിച്ചു തിരുനാൾ തിരുക്കർമങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഫാ. മാത്യു മാളയോളിൽ അറിയിച്ചു.

<ആ>റിപ്പോർട്ട്: സഖറിയ പുത്തൻകളം