കോൺഗ്രസ് തിരിച്ചു വരും: വി.ഡി. സതീശൻ
Saturday, September 3, 2016 5:59 AM IST
വിയന്ന: കോൺഗ്രസ് ഒരിക്കലും തകരില്ലെന്നും കോൺഗ്രസ് ശക്‌തമായി തന്നെ തിരിച്ചു വരുമെന്നും വി.ഡി. സതീശൻ എംഎൽഎ. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായി വിയന്നയിൽ എത്തിയ കേരളത്തിൽ നിന്നുള്ള ആറ് എംഎൽഎമാർക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി ഓസ്ട്രിയ) പ്രവർത്തകരും കോൺഗ്രസ് അനുഭാവികളും ചേർന്നു നൽകിയ സ്വീകരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നാട്ടിലുള്ളവരെപോലെത്തന്നെ ഒരു പക്ഷെ അവരേക്കാളും രാഷ്ര്‌ടീയ സാഹചര്യത്തെ കൂടുതൽ നോക്കികാണുന്നവരാണ് പ്രവാസികൾ. പ്രവാസികളുടെ പിന്തുണ ഏറ്റവും വിലമതിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് എന്നും അകത്തുനിന്നും പുറത്തുനിന്നും പ്രതിസന്ധികൾ ഉണ്ടാകാറുണ്ട്. എന്നാൽ അതൊന്നും കോൺഗ്രസിനെ തച്ചുടയ്ക്കാൻ കെൽപ്പുള്ളതല്ല. മാറുന്ന രാഷ്ര്‌ടീയ സാഹചര്യങ്ങളിൽ ജയവും തോൽവിയുമൊക്കെ സാധാരണമാണ് എന്നാൽ കോൺഗ്രസിന്റെ നിലപാടുകൾ എക്കാലവും ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും കെപിസിസിയുടെ വൈസ് പ്രസിഡന്റ് കൂടിയായ വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

അണികളെ ആവേശം കൊള്ളിക്കുന്ന പ്രസംഗമായിരുന്നു ചടങ്ങിൽ കെ.എം ഷാജി നടത്തിയത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ കേരളത്തിലെ പ്രതിനിധിയും കേരള മുസ്ലിം യൂത്ത് ലീഗിന്റെ മുൻ സംസ്‌ഥാന പ്രസിഡന്റുമായ അദ്ദേഹം രാഷ്ര്‌ടീയ പാർട്ടികളുടെ ഇരട്ടമുഖത്തെയും ജനങ്ങളുടെ ഇടയിൽ മത സ്പർദ്ദ വളർത്താൻ നടത്തുന്ന ശ്രമങ്ങളെയും അപലപിച്ചു. വ്യത്യസ്തമായ നിലപാടുകളും കാഴ്ചപ്പാടുകളും രാഷ്ര്‌ടീയ പാർട്ടികൾക്കിടയിൽ ഉണ്ടാകാമെന്നും അടിസ്‌ഥാനപരമായ നിലപാട് എന്നത് രാജ്യത്തിന്റെ പുരോഗതിയാണെന്നും ഗാന്ധിജി വിഭാവനം കണ്ട ഇന്ത്യയാണ് ശരിയെന്നും അതിനു തുരങ്കം വയ്ക്കുന്നതെല്ലാം ഭീകരവാദമാണെന്നും അദ്ദേഹം തുറന്നടിച്ചു. വൻ കൈയടിയോടെയാണ് കെ.എം. ഷാജിയുടെ പ്രസംഗത്തെ പ്രവർത്തകർ സ്വീകരിച്ചത്.

വി.ഡി. സതീശൻ, കെ.എം. ഷാജി എന്നിവരെ കൂടാതെ എ.പി. അനിൽകുമാർ, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, അൻവർ സാദത്ത് എന്നിവരാണ് ഐഒസി ഓസ്ട്രിയയുടെ ക്ഷണം സ്വീകരിച്ചു സംസാരിച്ചത്.

ചടങ്ങിൽ ഐഒസി ഓസ്ട്രിയയുടെ പ്രസിഡന്റ് സിറോഷ് ജോർജ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കാത്തലിക് കമ്യൂണിറ്റിയുടെ ചാപ്ലെയിൻ ഫാ. തോമസ് താണ്ടപ്പിള്ളിൽ, സെക്രട്ടറി ബിജു മാളിയേക്കൽ, ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് വിനു കളരിത്തറ എന്നിവർ പ്രസംഗിച്ചു. വർഗീസ് പഞ്ഞിക്കാരൻ, വിൻസെന്റ് തടത്തിൽ, ജോളി കുര്യൻ, അസീസ്, ബോബൻ ആണ്ടിവീട് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ജോബി ആന്റണി
<ശാഴ െൃര=/ിൃശ/2016ലെുേ3കഛഇര.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>