ഗോപാൽ രാമനും മായ ഈശ്വരനും നാഷണൽ സ്റ്റുഡന്റ്സ് പോയറ്റ് പ്രോഗ്രാമിൽ
Saturday, September 3, 2016 6:03 AM IST
ഡാളസ്: നാഷണൽ സ്റ്റുഡന്റ്സ് പോയറ്റ് പ്രോഗ്രാമിലേക്ക് ഡാളസിൽനിന്നുള്ള ഗോപാൽ രാമൻ ജോർജിയയിൽനിന്നുള്ള മായ ഈശ്വരൻ എന്നിവരെ തിരഞ്ഞെടുത്തതായി സെപ്റ്റംബർ ഒന്നിനു വൈറ്റ് ഹൗസിൽനിന്നുള്ള അറിയിപ്പിൽ പറയുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വിദ്യാർഥികളാണ് ഗോപാലും മായയും.

സെപ്റ്റംബർ എട്ടിനു വൈറ്റ് ഹൗസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ പ്രഥമ വനിത മിഷേൽ ഒബാമ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

അഞ്ചു വിദ്യാർഥികളെയാണ് ഈ പ്രോഗ്രാമിലേക്ക് ദേശീയടിസ്‌ഥാനത്തിൽ തിരഞ്ഞെടുക്കുന്നത്. സ്റ്റെല്ല ബിനിയൻ (ഷിക്കാഗോ), ജോയ് റീഡ്ബർഗ് (മേരിലാന്റ്), മായ സാൽമ (കലിഫോർണിയ) എന്നിവരാണ് മറ്റു മൂന്നുപേർ.

ഒമ്പതു മുതൽ 11 വരെയുള്ള ഗ്രേഡിലെ പോയട്രിയിൽ നാഷണൽ സ്കൈലാസ്റ്റിക് ആർട്ട് ആൻഡ് റൈറ്റിംഗ് അവാർഡ് ജേതാക്കളെയാണ് പരിപാടിയിലേക്ക് പരിഗണിക്കുക.

ആധുനിക കാലഘട്ടത്തിൽ സ്വന്തം ജീവിതാനുഭവങ്ങൾ വിദേശിയരുമായി താരതമ്യപ്പെടുത്തി എഴുതിയതിന് മായയേയും പ്രസിദ്ധ കവികളായ ബില്ലി കോളിൻസ്, വാലസ് സ്റ്റീവൻസ്, വാൾട്ട് പൈറ്റ്മാൻ എന്നിവരിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുതകുന്ന കവിത രചിച്ചതിന് ഗോപാലിനേയും പരിപാടിയിലേക്ക് തെരഞ്ഞെടുത്തത്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ