മെത്രാഭിഷേകം: ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ പ്രസ്റ്റൺ നോർത്ത് എൻഡ് സ്റ്റേഡിയം
Saturday, September 3, 2016 6:06 AM IST
ലണ്ടൻ: ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾക്കായി അനുവദിച്ച പ്രസ്റ്റൺ രൂപതയും പ്രഥമ മെത്രാനുമായി മാർ ജോസഫ് സ്രാമ്പിക്കൽ അഭിഷിക്‌തനാകുമ്പോൾ അത് മറ്റൊരു ചരിത്ര മുഹൂർത്തത്തിനുകൂടി സാക്ഷ്യം വഹിക്കാൻ പോകുന്നു.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സീറോ മലബാർ വിശ്വാസികളെ ഉൾക്കൊള്ളാൻ ഉതകുംവിധം പ്രസ്റ്റൺ നോർത്ത് എൻഡ് സ്റ്റേഡിയം ചടങ്ങിനു വേദിയായി മാറുന്നു എന്നതാണ്. ഇരുപത്തി ഏഴായിരത്തോളം പേരെ ഉൾക്കൊള്ളാനാകുന്ന സ്റ്റേഡിയം ഇതാദ്യമായാണ് ഫുട്ബോൾ മത്സരത്തിനല്ലാതെ മറ്റൊരു ചടങ്ങിനായി വിട്ടു നൽകുന്നത്. ലങ്കാസ്റ്റർ രൂപത മെത്രാൻ മൈക്കിൾ കാംബെലിന്റെ പ്രത്യേക താല്പര്യപ്രകാരം യുകെ യിലെ സീറോ മലബാർ കോഓർഡിനേറ്റർ ഫാ. തോമസ് പാറയടി, ജോയിന്റ് കൺവീനറും ആതിഥേയ ഇടവക വികാരിയുമായ റവ. ഡോ. മാത്യു ചൂരപൊയ്കയിലും മറ്റു കമ്മിറ്റി അംഗങ്ങളും പ്രസ്റ്റൺ സിറ്റി കൗൺസിലുമായും ഫുട്ബോൾ അസോസിസിയേഷനുമായി നടന്ന ചർച്ചകൾക്കൊടുവിലാണ് സ്റ്റേഡിയം വിട്ടു നൽകാൻ തീരുമാനമായത്. സ്റ്റേഡിയത്തിനു സമീപത്തും അടുത്ത പ്രദേശങ്ങളിലും നിരവധി വാഹനങ്ങൾക്ക് പാർക്കു ചെയ്യാൻ സൗകര്യമുണ്ട്. സുരക്ഷാ ക്രമീകരണം മുൻ നിർത്തി പാസുമൂലം പ്രവേശനം നിയന്ത്രിക്കും. ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ സർവീസുകളും ലഘു ഭക്ഷണ സ്റ്റാളുകളും സ്റ്റേഡിയത്തിൽ ഒരുക്കും.

ഒക്ടോബർ ഒമ്പതിനു (ഞായർ) ഉച്ചക്ക് ഒന്നിനാണ് മെത്രാഭിഷേക ചടങ്ങുകൾ ആരംഭിക്കുക. കർദിനാളൻമാർ, ബിഷപ്പുമാർ, നിരവധി വൈദികർ, സന്യസ്തർ, അല്മായ പ്രമുഖർ, യുകെയുടെയും നിയുക്‌ത മെത്രാന്റെ ജന്മനാട് ഉൾപ്പെടെയുള്ള വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

തിരുക്കർമങ്ങളുടെ വിജയകരമായ നടത്തിപ്പിലേയ്ക്കായി വിവിധ സ്‌ഥലങ്ങളിൽ പ്രാർഥനയിലുള്ള ഒരുക്കവും യാത്രയ്ക്കുള്ള ക്രമീകരണങ്ങളും ചെയ്തു വരുന്നതായി മീഡിയ കോഓർഡിനേറ്റർ ഫാ. ബിജു കുന്നക്കാട് അറിയിച്ചു.

<ആ>റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ