ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ വടംവലിമത്സരം
Monday, September 5, 2016 3:44 AM IST
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന നാലാമതു അന്താരാഷ്ട്ര വടംവലി മത്സരം സെപ്തംബർ അഞ്ച് തിങ്കളാഴ്ച്ച മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് പള്ളി മൈതാനിയിൽ നടക്കും. കുവൈറ്റിൽ നിന്നും കാനഡയിൽ നിന്നും അമേരിക്കയുടെ ഇതര സംസ്‌ഥാനങ്ങളിൽ നിന്നുമൊക്കെയായി നിരവധി ടീമുകൾ മത്സരത്തിൽ മാറ്റുരക്കാൻ എത്തുമ്പോൾ മത്സരം കടുത്തതാകും. വടംവലിയുടെയും ഓണാഘോഷത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.

ഒന്നാം സ്‌ഥാനം ലഭിക്കുന്ന ടീമിന് ജോയ് നെടിയകാലായിൽ സ്പോൺസർ ചെയ്ത 3001 ഡോളറും, മാണി നെടിയകാലായിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, രണ്ടാം സ്‌ഥാനം ലഭിക്കുന്ന ടീമിന് ഫിലിപ്പ് മുണ്ടപ്ലാക്കൽ സ്പോൺസർ ചെയ്ത 2001 ഡോളറും, എവർറോളിംഗ് ട്രോഫിയും, മൂന്നാം സ്‌ഥാനം കുളങ്ങര ഫാമിലി സംഭാവന ചെയ്ത 1001 ഡോളറും രാജു കുളങ്ങര മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, നാലാം സ്‌ഥാനം ബൈജു കുന്നേൽ സ്പോൺസർ ചെയ്ത 501 ഡോളറും ബിജു കുന്നേൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും മികച്ച കോച്ചിന് ഫിലിപ്പ് പെരികലം സ്പോൺസർ ചെയ്ത കാഷ് അവാർഡും, കുര്യൻ പെരികലം മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും. പ്രശസ്ത സിനിമാതാരം ദിവ്യാ ഉണ്ണിയുടെ നൃത്തം, ഓണക്കളികൾ, നാടൻപാട്ടുകൾ, മാവേലി എഴുന്നള്ളിപ്പ്, വിഭവസമൃദ്ധമായ ഓണസദ്യ തുടങ്ങിയവയാണ് മുഖ്യ സവിശേഷതകൾ.

പ്രസിഡന്റ് സാജു കണ്ണംപിള്ളി, വൈസ് പ്രസിഡന്റ് സിബി കദളിമറ്റം, സെക്രട്ടറി ജോയി നെല്ലാമറ്റം, ട്രഷറർ സണ്ണി ഇണ്ടിക്കുഴി, ജോയിന്റ് സെക്രട്ടറി പ്രദീപ് തോമസ്, ജനറൽ കൺവീനർ സിറിയക്ക് കൂവക്കാട്ടിൽ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

ഈ ഓണാഘോഷത്തിലേക്കും വടംവലി മത്സരത്തിലേക്കും എല്ലാ നല്ലവരായ ആളുകളെയും ഷിക്കാഗോ സോഷ്യൽ ക്ലബ് സവിനയം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: സാജു കണ്ണംപള്ളി (പ്രസിഡന്റ്) 1 847 791 1824, സിറിക്ക് കൂവക്കാട്ടിൽ (ജനറൽ കൺവീനർ(1 630 6733382).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം