ഇശൽ ബാൻഡ് അബുദാബി വാർഷികാഘോഷം 15ന്
Monday, September 5, 2016 6:45 AM IST
അബുദാബി: ഇശൽ ബാൻഡ് അബുദാബി (ഐബിഎ) യുടെ കലാ കൂട്ടായ്മ വാർഷിക ആഘോഷ പരിപാടി സെപ്റ്റംബർ 15നു (വ്യാഴം) വൈകുന്നേരം ആറു മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും.

നാടൻ പാട്ടുകളെ ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു അകാലത്തിൽ വേർപിരിഞ്ഞ പ്രശസ്ത കലാകാരൻ കലാഭവൻ മണിക്കുള്ള സമർപ്പണമാണ് ഐബിഎയുടെ വാർഷിക പരിപാടികൾ. ഇതിന്റെ ഭാഗമായി കലാഭവൻ മണിയുടെ സഹോദരനും പ്രശസ്ത ശാസ്ത്രീയ നർത്തകനുമായ ആർഎൽവി രാമകൃഷ്ണനും പ്രമുഖ സിനിമ സീരിയൽ താരം ബൈജു വെഞ്ഞാറമൂടും വേദിയിൽ അതിഥികളായെത്തും.

കാലിക്കട്ട് വിഫോർയു ടീം അംഗങ്ങളായ നിർമൽ പാലാഴി, പ്രദീപ്, കബീർ ഷൈജു എന്നിവർ അവതരിപ്പിക്കുന്ന ഹാസ്യകലാ പ്രകടനവും അമൃതാ ടിവി റിയാലിറ്റി ഷോ സൂപ്പർസ്റ്റാർ സിംഗർ വിജയിയും പ്രശസ്ത വയലിനിസ്റ്റുമായ രൂപ രേവതിയും ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ഫൈനലിസ്റ്റ് പ്രീതി വാര്യറും ഒപ്പം ഇശൽ ബാൻഡ് അബുദാബിയുടെ കലാകാരന്മാരും അണിനിരക്കുന്ന കലാസന്ധ്യയാണ് മുഖ്യ പരിപാടി. ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള