ഓണാവധി: മൈസൂരു മലയാളികളോടു മുഖംതിരിച്ച് കേരള ആർടിസി
Monday, September 5, 2016 7:52 AM IST
മൈസൂരു: ഓണാവധിക്ക് ബംഗളൂരുവിൽ നിന്നു നാട്ടിലേക്ക് കേരള ആർടിസി സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടും മൈസൂരുവിലെ മലയാളികൾക്ക് ഇത്തവണ ആശ്വസിക്കാൻ വകയില്ല. മൈസൂരുവിൽ നിന്നു കേരളത്തിലേക്ക് ഇതുവരെ ഒരു സ്പെഷൽ സർവീസ് പോലും പ്രഖ്യാപിച്ചിട്ടില്ല. ഓണദിവസങ്ങളിൽ നാട്ടിലേക്കുള്ള ബസുകളിലെ ടിക്കറ്റുകൾ വിറ്റുതീർന്ന സാഹചര്യത്തിൽ മൈസൂരു മലയാളികൾക്ക് നാട്ടിലെത്താൻ സ്വകാര്യ ബസുകളെ ആശ്രയിക്കുകയേ മാർഗമുള്ളൂ.

തിരക്കു മുതലാക്കി സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതും ഇവർക്ക് തിരിച്ചടിയാകും.

ബംഗളൂരുവിൽ നിന്നാണ് കേരള ആർടിസിയുടെ മൈസൂരു വഴിയുള്ള സ്പെഷൽ ബസുകൾ സർവീസ് ആരംഭിക്കുന്നത്. ഇതിനാൽ ഈ ബസുകളിലെ ഭൂരിഭാഗം ടിക്കറ്റുകളും ബംഗളൂരുവിൽ നിന്നു തന്നെ തീരാറാണ് പതിവ്. അവധിക്കാലങ്ങളിൽ മൈസൂരുവിൽ നിന്നു സ്പെഷൽ ബസുകൾ വേണമെന്നത് ദീർഘകാലമായുള്ള മലയാളികളുടെ ആവശ്യമാണ്.

മൈസൂരുവിൽ നിന്നു കേരളത്തിലേക്ക് ട്രെയിൻ സർവീസ് തീരെ കുറവായതിനാൽ മലയാളികൾ മലയാളികൾ ബസുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ബംഗളൂരുവിൽ നിന്നു കണ്ണൂരിലേക്കുള്ള ഒരു ട്രെയിൻ മാത്രമാണ് മൈസൂരു വഴിയുള്ളത്.

<ആ>കർണാടക ആർടിസി ഓൺലൈൻ ബുക്കിംഗിന് ഇനി അധിക ചാർജില്ല

ബംഗളൂരു: ഓൺലൈൻ വഴി കർണാടക ആർടിസി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഇനി പ്രത്യേക ചാർജ് ഈടാക്കില്ല.

ഓൺലൈൻ സേവനം കൂടുതൽ പേർ ഉപയോഗപ്പെടുത്തുന്നതിനായാണ് അധിക സേവനനിരക്ക് ഒഴിവാക്കുന്നത്.

കർണാടക ആർടിസിയുടെ ഫ്രാഞ്ചൈസികളും ഈ നിരക്ക് ഈടാക്കില്ല. വ്യാഴാഴ്ച മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഇളവ് ലഭിക്കും.

ടിക്കറ്റ് നിരക്കിന്റെ 2.5 ശതമാനമാണ് ഓൺലൈൻ സേവനത്തിനായി പ്രത്യേക ചാർജായി ഈടാക്കിയിരുന്നത്. റിസർവേഷൻ നിരക്കിനു പുറമേയാണ് ഈ അധികനിരക്ക്.

ഇതുമൂലം പലരും ഓൺലൈൻ സേവനം ഉപയോഗിക്കാതെ വന്നതോടെയാണ് സേവനനിരക്ക് ഒഴിവാക്കാൻ കർണാടക ആർടിസി തീരുമാനിച്ചത്.