കെഫാക് സോക്കർ ലീഗ്: പോരാട്ടം കനക്കുന്നു
Monday, September 5, 2016 8:16 AM IST
കുവൈത്ത്: കേഫാക്ക് സോക്കർ ലീഗ് മത്സരങ്ങളിൽ മാക് കുവൈത്തിനും കേരള ചലഞ്ചേഴ്സിനും യംഗ് ഷൂട്ടേഴ്സിനും സോക്കർ കേരളക്കും വിജയം. ഗ്രൂപ്പ് എയിൽ നടന്ന ആദ്യ മത്സരത്തിൽ പൊരുതിക്കളിച്ച അൽ ശബാബ് എഫ്സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മാക് കുവൈത്ത് പരാജയപ്പെടുത്തി. വിജയികൾക്കുവേണ്ടി ഷൈൻ മാർഷൽ, ബെൻ ക്രിസ്റ്റൽ എന്നിവർ ലക്ഷ്യം കണ്ടു. കളിയിൽ രണ്ടു ഗോളുകൾ നേടിയ ഷൈൻ മാർഷലാണ് മാൻ ഓഫ് ദി മാച്ച്.

രണ്ടാം മത്സരത്തിൽ കേരള ചലഞ്ചേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കേരള സ്റ്റാറിനെ തോൽപ്പിച്ചു. ചലഞ്ചേഴ്സിനുവേണ്ടി മുത്തു, വിനോജ്, രമേശ് എന്നിവർ ഓരോ ഗോൾ നേടിയപ്പോൾ മുഹമ്മദ് അമീൻ കേരള സ്റ്റാറിനുവേണ്ടി ആശ്വാസ ഗോൾ നേടി.

വാശിയേറിയ മൂന്നാം മത്സരത്തിൽ ചാമ്പ്യൻസ് എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് യംഗ് ഷൂട്ടേഴ്സ് കീഴടക്കി. കളിയിലെ താരമായി യംഗ് ഷൂട്ടേഴ്സ് താരം സെബാസ്റ്റനെ തിരഞ്ഞെടുത്തു.

അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സോക്കർ കേരള ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് സിൽവർ സ്റ്റാർ കുവൈത്തിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. റംഷീദ് തംബുസ്, നിധീഷ്, ശ്യാം എന്നിവരാണ് ഗോളുകൾ നേടിയത്. കളിയിലെ താരമായി സോക്കർ കേരളയുടെ ബിനോജിനെ തിരഞ്ഞടുത്തു. എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ വൈകുന്നേരം നാലു മുതൽ രാത്രി ഒമ്പതു വരെയാണ് മത്സരങ്ങൾ. കുവൈത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികൾക്കും കുടുംബസമേതം മത്സരങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 66619649, 99534500,99288672.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ