സ്വിസ് ആയുധ കയറ്റുമതിക്കെതിരെ പ്രതിപക്ഷം
Monday, September 5, 2016 8:17 AM IST
സൂറിച്ച്: സ്വിസ് നിർമിത പിരാനാ ടാങ്കുകൾ നൈജീരിയയി ലെ ബോക്കോ ഹറാം തീവ്രവാദികൾ കൈവശപ്പെടുത്തിയതിനെ തുടർന്നു സ്വിറ്റ്സർലൻഡിൽ നിന്നുള്ള ആയുധ കയറ്റുമതി നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.

ലോകത്തിലെ തന്നെ ഏറ്റവും ക്രൂരരായ തീവ്രവാദികളാണ് ബോക്കോകൾ. പോയവർഷം ബോക്കോകൾ നൈജീരിയയിൽ കൊന്നൊടുക്കിയത് 6 600 പേരെയാണ്. തന്നെയുമല്ല രണ്ടു വർഷം മുമ്പ് തട്ടിക്കൊണ്ടുപോയ 276 പെൺകുട്ടികളെക്കുറിച്ച് ഇന്നും യാതൊരു വിവരവും പുറംലോകത്തിന് ലഭ്യമല്ല. അതിൽ ആറു പേർ മരിച്ചതായി രക്ഷപെട്ടവരിൽ ഒരു കുട്ടി പറയുന്നു.

ദിനംപ്രതി ബോക്കോ തീവ്രവാദികളുടെ ആക്രമണങ്ങളെപ്പറ്റി നൈജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുമ്പോൾ ഒരു സ്വിസ് ആയുധ കമ്പനിയുടെ പേരും ഈയിടെയായി നൈജീരിയൻ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു.

കഴിഞ്ഞ ജൂലൈയിൽ ബോക്കോ തീവ്രവാദികൾ നൈജീരിയൻ പട്ടാളത്തെ ആക്രമിക്കുകയും വൻ ആളപായം ഉണ്ടാക്കുവാൻ കഴിയുന്ന ആയുധങ്ങൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതിൽ സ്വിസ് കമ്പനിയായ മോവാഗ് നിർമിച്ച പിരാനാ ടാങ്കുകളും പെടുന്നു. നിലവിൽ നൈജീരിയൻ പട്ടാളത്തിന്റെ കൈവശം ഏകദേശം 110 പിരാനാ ടാങ്കുകൾ ഉണ്ട്. ഇത് തീവ്രവാദികൾ കൈവശപ്പെടുത്താനുള്ള സാധ്യത തള്ളികളയാനുമാകില്ല. അതുകൊണ്ട് നൈജീരിയയുമായുള്ള ആയുധക്കയറ്റുമതി ഉടനടി നിർത്തിവയ്ക്കണമെന്ന് സോഷ്യലിസ്റ്റ് പാർട്ടി വക്‌താവ് ആവശ്യപ്പെട്ടു.

ഈ വർഷം ആദ്യ പകുതിയിൽ മാത്രം 224 മില്യൻ ഫ്രാങ്കിന്റെ വ്യാപാരമാണ് കമ്പനി നടത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ ആയുധം വാങ്ങികൂട്ടിയത് പാക്കിസ്‌ഥാൻ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ്.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ