വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണവും
Tuesday, September 6, 2016 2:36 AM IST
ന്യൂജേഴ്സി: സിറിയൻ ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള മലങ്കര ആർച്ച് ഡയോസിസിൽ ഉൾപ്പെട്ട വാണാക്യു സെന്റ് ജയിംസ് സിറിയൻ ഓർത്തഡോക്സ് ദൈവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ ദിവസം, കിഴക്കിന്റെ കാതോലിക്കയും, മലങ്കരയുടെ യാക്കോബ് ബുർദാനയുമായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ തിരുമേനി വിശുദ്ധ കുർബാന അർപ്പിക്കും. അമേരിക്കൻ ആർച്ച് ഡയോസിസിന്റെ അഭി. യൽദോ മോർ തീത്തോസ് തിരുമേനി വിശുദ്ധ കുർബാനയിൽ സഹകാർമികത്വം വഹിക്കും. ന്യൂയോർക്ക്, ന്യൂജേഴ്സി മേഖലകളിലെ ബഹു. വൈദീകരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരിക്കും.

അമേരിക്കൻ ആർച്ച് ഡയോസിസിൽ സന്ദർശനം നടത്തിവരുന്ന ശ്രേഷ്ഠ ബാവാ തിരുമനസ് സെന്റ് ജയിംസ് ഇടവക 2009–ൽ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇടവക സ്വന്തമായ ദേവാലയം കരസ്‌ഥമാക്കിയതിനു ശേഷമുള്ള പ്രഥമ സന്ദർശനം അനുഗ്രഹകരമാക്കുവാൻ ഇടവകാംഗങ്ങൾ അക്ഷീണം പ്രയത്നിച്ചുവരുന്നു.

സെപ്റ്റംബർ ഏഴാംതീയതി ബുധനാഴ്ച വൈകുന്നേരം 6.15– നു ദൈവാലയത്തിൽ എത്തിച്ചേരുന്ന ശ്രേഷ്ഠ കാതോലിക്കാ ബാവയേയും, ഇടവക മെത്രാപ്പോലീത്തയേയും പരമ്പരാഗതമായ രീതിയിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും. 6.30–നു സന്ധ്യാ നമസ്കാരവും, ഏഴിനു ശ്രേഷ്ഠ ബാവായുടെ പ്രധാന കാർമികത്വത്തിലും, അഭി. മോർ തീത്തോസ് തിരുമേനിയുടെ സഹകാർമികത്വത്തിലും വിശുദ്ധ കുർബാനയും, വി. ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്‌ഥ പ്രാർത്ഥനയും, നടക്കും.

ശ്രേഷ്ഠ കാതോലിക്കാ ബാവ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ ദൂത് നൽകും. ഇടവകയിലെ വിശ്വാസികൾ ദൈവാലയത്തിൽ നേർച്ചയായി സമർപ്പിച്ചിരിക്കുന്ന വി. ദൈവമാതാവ്, മോർ യാക്കോബ് ൾീഹ, മോർ ഗീവർഗീസ് സഹദ, മഞ്ഞനിക്കര ബാവ, കോതമംഗലം ബാവ, പരുമല തിരുമേനി എന്നീ വിശുദ്ധരുടെ ഛായാചിത്രങ്ങൾ ശ്രേഷ്ഠ ബാവ അനാഛാദനം ചെയ്യും. ശ്രേഷ്ഠ ബാവയുടെ ആശീർവാദത്തിനും, നേർച്ച വിളമ്പിനും ശേഷം സ്നേഹവിരുന്നോടെ ചടങ്ങുകൾ പര്യവസാനിക്കും.

വികാരി ഫാ ആകാശ് പോൾ, വൈസ് പ്രസിഡന്റ് പൗലോസ് കെ. പൈലി, സക്രട്ടറി രഞ്ചു സഖറിയ, ട്രസ്റ്റി എൽദോ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ചടങ്ങുകളുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം