തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം മെർക്കൽ ഏറ്റെടുത്തു
Tuesday, September 6, 2016 8:25 AM IST
ബർലിൻ: മെക്ക്ലൻബുർഗ്് ഫോർപോമൻ സ്റ്റേറ്റ് ഇലക്ഷനിൽ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വം ചാൻസലർ ആംഗല മെർക്കൽ ഏറ്റെടുത്തു. എസ്പിഡി വോട്ട് വിഹിതത്തിൽ ഒന്നാം സ്‌ഥാനം നിലനിർത്തിയ തെരഞ്ഞെടുപ്പിൽ സിഡിയു രണ്ടാം സ്‌ഥാനത്തു നിന്ന് മൂന്നാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.

തീവ്ര വലതുപക്ഷ പാർട്ടിയായ ഓൾട്ടർനേറ്റീവ് ഫോർ ജർമനിയാണ് സിഡിയുവിനെ പിന്തള്ളി രണ്ടാം സ്‌ഥാനം കൈയടക്കിയത്. മെർക്കലിന്റെ ഉദാരമായ അഭയാർഥി നയത്തിനെതിരായ പ്രചാരണം തന്നെയായിരുന്നു എഎഫ്ഡിയുടെ പ്രധാന ആയുധം.

പാർട്ടി അധ്യക്ഷ എന്ന നിലയിലും ചാൻസലർ എന്ന നിലയിലുമാണ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെന്ന് മെർക്കൽ വ്യക്‌തമാക്കി. ജനങ്ങളുടെ കണ്ണിൽ ഈ രണ്ടു സ്‌ഥാനങ്ങളും വേർതിരിക്കാൻ കഴിയുന്നതല്ലെന്നും അവർ ചൈനയിലെ ഹാങ്ഷൂവിൽ നടക്കുന്ന ജി 20 ഉച്ചകോടിയ്ക്കിടെ വ്യക്‌തമാക്കി.

അഭയാർഥി നയവും തെരഞ്ഞെടുപ്പു ഫലവും തമ്മിൽ ബന്ധമുണ്ടെന്നും മെർക്കൽ തുറന്നു സമ്മതിച്ചു. എന്നാൽ, തന്റെ തീരുമാനങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണെന്നും അവർ ആവർത്തിച്ചു. ശരിയായ അർഥത്തിൽ സ്വീകരിച്ച തീരുമാനങ്ങളാണത്, അതൊക്കെ ശരിയുമാണ്– മെർക്കൽ വ്യക്‌തമാക്കി.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ