ആയുധക്കച്ചവടത്തിൽ ബ്രിട്ടൻ രണ്ടാമത്
Tuesday, September 6, 2016 8:25 AM IST
ലണ്ടൻ: ആയുധക്കച്ചവടത്തിൽ ബ്രിട്ടന് ലോകത്ത് രണ്ടാം സ്‌ഥാനം. ഈ കച്ചവടം പൊടിപൊടിക്കുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷപ്രദേശങ്ങളിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്തതാണെന്നും ഔദ്യോഗിക രേഖകളിൽ വ്യക്‌തമാകുന്നു.

അമേരിക്ക തന്നെയാണ് ആയുധക്കയറ്റുമതിയിൽ ഒന്നാം സ്‌ഥാനത്തു നിൽക്കുന്നത്. സമ്പൂർണ സ്വാതന്ത്ര്യമില്ലാത്ത 51 രാജ്യങ്ങളുടെ പട്ടികയിലെ 39 രാജ്യങ്ങൾക്കും ബ്രിട്ടൻ 2010 മുതൽ ആയുധങ്ങൾ വിറ്റിട്ടുണ്ട്. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ഹ്യൂമൻ റൈറ്റ്സ് വാച്ച് മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി കണ്ടത്തെിയിട്ടുള്ള 22 രാജ്യങ്ങൾക്കും ആയുധങ്ങൾ വിൽപന നടത്തിയതായും റിപ്പോർട്ട് വ്യക്‌തമാക്കുന്നു.

ബ്രിട്ടന്റെ ആകെ ആയുധവിൽപനയുടെ മൂന്നിൽ രണ്ടും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കാണ്. ഇവിടങ്ങളിലെ രാഷ്ര്‌ടീയ അസ്‌ഥിരത ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾക്ക് ഭീഷണിയാണെന്ന വിലയിരുത്തലുകൾ നടക്കുമ്പോഴാണ് ആയുധ വിൽപനയും സജീവമായിരിക്കുന്നത്. റഷ്യ, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലേക്കും പത്തുവർഷത്തിനിടയിൽ കയറ്റുമതി വർധിച്ചിട്ടുണ്ട്.

നേരത്തെ യുദ്ധക്കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന രാജ്യങ്ങളിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യരുതെന്ന് യൂറോപ്യൻ പാർലമെന്റ് അടക്കമുള്ളവ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം അവഗണിക്കപ്പെട്ടതായാണ് കണക്കുകളിൽനിന്ന് വ്യക്‌തമാകുന്നത്. സിറിയ, സൗദി അറേബ്യ, ബഹറിൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളും ബ്രിട്ടനിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നുണ്ട്.

ആയുധങ്ങൾ വാങ്ങുന്നതിലൂടെ രാഷ്ര്‌ടീയ പിന്തുണകൂടിയാണ് രാജ്യങ്ങൾ വാങ്ങിയെടുക്കുന്നതെന്നാണ് ആയുധ വിൽപനക്കെതിരെ പ്രവർത്തിക്കുന്ന കൂട്ടയ്മകൾ വിലയിരുത്തുന്നത്. ഇതിനാൽ പലരാജ്യങ്ങളിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളോട് പ്രതികരിക്കാൻ ബ്രിട്ടന് ആധികാരികത നഷ്പ്പെടുകയുമാണെന്ന് ഇവർ പറയുന്നു.

അതേസമയം ആയുധ വിൽപന നിയമങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ