ഫെഡറൽ ജഡ്ജിയായി ആബിദ് ഖുറേഷിക്കു നോമിനേഷൻ
Wednesday, September 7, 2016 7:08 AM IST
വാഷിംഗ്ടൺ: അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഫെഡറൽ ജഡ്ജി സ്‌ഥാനത്തേയ്ക്ക് മുസ്ലിം വിഭാഗത്തിൽപ്പെട്ട ആബിദ് ഖുറേഷിയെ പ്രസിഡന്റ് ഒബാമ നോമിനേറ്റു ചെയ്തു.

സ്‌ഥാനമൊഴിയാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കേ നടത്തിയ പ്രഖ്യാപനം പ്രാബല്യത്തിൽവരുമോ എന്നു വരും നാളുകളിൽ വ്യക്‌തമാകും.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്ട് കോർട്ട് ബെഞ്ചിൽ സേവനമനുഷ്ഠിക്കാൻ മിസ്റ്റർ ഖുറേഷിയെ ഞാൻ നോമിനേറ്റു ചെയ്യുന്നു. അമേരിക്കൻ നീതിന്യായ വ്യവസ്‌ഥയോടു പൂർണമായി കൂറുപുലർത്തുമെന്നും എല്ലാവർക്കും തുല്യനീതി ലഭ്യമാക്കുന്നതിനും ഖുറേഷിക്കു കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നതായി ഒബാമയുടെ പ്രസ്താവനയിൽ പറഞ്ഞു.

ജുഡീഷ്യറിയിലെ എല്ലാ നോമിനേഷനുകളും സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ തടഞ്ഞുവയ്ക്കുകയും നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട് ട്രംപിന്റെ നയങ്ങൾ വിവാദമാകുകയും ചെയ്ത സാഹചര്യത്തിൽ ഒബാമയുടെ പുതിയ തീരുമാനം റിപ്പബ്ലിക്കൻ പാർട്ടിയിൽ പുതിയ ചർച്ചകൾക്കു വഴിയൊരുക്കും.

അതേസമയം പാക്കിസ്‌ഥാൻ സ്വദേശിയായ ഖുറേഷിയുടെ നോമിനേഷൻ മുസ്ലിം സമുദായം സ്വാഗതം ചെയ്തു. ഖുറേഷിയെ നോമിനേറ്റു ചെയ്യുകവഴി ഒബാമ അമേരിക്കൻ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിനു തുടക്കംകുറിച്ചു എന്നു അഭിമാനിക്കാം.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ