വി.കെ. സിംഗ് കുവൈത്തിൽ
Wednesday, September 7, 2016 7:10 AM IST
കുവൈത്ത്: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ. സിംഗ് കുവൈത്തിലെത്തി.

ഖത്തറിലെ സന്ദർശനം പൂർത്തിയാക്കിയാണ് അദ്ദേഹം കുവൈത്തിലെത്തിയത്. സന്ദർശനത്തിൽ കുവൈത്ത് സർക്കാരുമായും മറ്റു സാമുഹ്യ സാംസ്കാരിക പ്രവർത്തകരുമായും വി.കെ. സിംഗ് കൂടിക്കാഴ്ച നടത്തും.

ഇന്നലെ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് ഖാലിദ് അഹ്മദ് അസബാഹ്, വിദേശകാര്യ സഹമന്ത്രി ഖാലിദ് സുലൈമാൻ ജാറുല്ല എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ഇന്ത്യൻ സ്‌ഥാനപതി സുനിൽ ജെയിൻ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുഭാശിഷ് ഗോൾഡാർ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇന്നു രാവിലെ എംബസി അങ്കണത്തിൽ നടന്ന ചടങ്ങിൽ രാഷ്ര്‌ടപിതാവിന്റെ വെങ്കല പ്രതിമ ജനറൽ വി.കെ. സിംഗ് അനാച്ഛാദനം ചെയ്തു. വൈകുന്നേരം അഞ്ചിനു നടക്കുന്ന പത്രസമ്മേളനത്തിലും ഏഴിനു എംബസി ഓഡിറ്റോറിയത്തിൽ വിളിച്ചു ചേർത്ത കുവൈത്തിലെ വിവിധ സംഘടന സാംസ്കാരിക പ്രവർത്തകരുടെ യോഗത്തിലും വി.കെ. സിംഗ് പങ്കെടുക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു.

അതേസമയം മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രവാസി സമൂഹം കാലങ്ങളായി നേരിടുന്ന നിരവധി പ്രശ്നങ്ങളിലേക്ക് മന്ത്രിയുടെ ശ്രദ്ധ കൊണ്ടുവരുമെന്ന് വിവധ സംഘടന നേതാക്കൾ അറിയിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ