സെൻട്രൽ ജയിലിൽ നിന്നു രക്ഷപ്പെട്ട തടവുപുള്ളി പിടിയിൽ
Wednesday, September 7, 2016 7:26 AM IST
ബംഗളൂരു: പരപ്പന അഗ്രഹാര ജയിലിൽ നിന്ന് രക്ഷപെട്ട തടവുപുള്ളി നാലു ദിവസത്തിനു ശേഷം പിടിയിലായി. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഡേവിഡ് കുമാറിനെയാണ് സഞ്ജയ് നഗർ പോലീസ് ഇന്നലെ ഹെബ്ബാളിൽ നിന്നു പിടികൂടിയത്. നഗരത്തിലെ ഒരു വർക് ഷോപ്പിനു സമീപം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. സ്‌ഥലം പോലീസ് വളഞ്ഞതിനെ തുടർന്ന് ഡേവിഡ് ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു.

നാലുവർഷം തടവിനു ശിക്ഷിക്കപ്പെട്ട് സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ഡേവിഡ് ഓഗസ്റ്റ് 31ന് രാവിലെ എട്ടിനാണ് തടവുചാടിയത്.

ജയിലിൽ പച്ചക്കറിയുമായി വന്ന ടെംപോ വാനിൽ നിന്ന് മറ്റു തടവുകാർ സാധനങ്ങൾ ഇറക്കുന്നതിനിടെ ഡേവിഡ് വാഹനത്തിനുള്ളിലെ ചാക്കുകെട്ടുകൾക്കിടയിൽ ഒളിക്കുകയായിരുന്നു. ഇയാൾ ജയിൽ ചാടിയ വിവരം ഒരു ദിവസത്തിനു ശേഷമാണ് അധികൃതർ അറിയുന്നത്. തുടർന്ന് ജയിലധികൃതർ പോലീസ് സ്റ്റേഷനുകളിൽ സന്ദേശം നല്കി. ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാൾ ടെമ്പോയിൽ കയറി രക്ഷപെട്ടുവെന്ന് മനസിലായത്.