വിദ്യാലയങ്ങളിൽ ഇനി ഖാദി യൂണിഫോം
Wednesday, September 7, 2016 7:27 AM IST
ബംഗളൂരു: സംസ്‌ഥാനത്തെ സ്കൂളുകളിൽ ഖാദി യൂണിഫോമുകൾ ഏർപ്പെടുത്തുന്നു.

അടുത്ത അധ്യയനവർഷം മുതൽ യൂണിഫോമുകൾ വിതരണം ചെയ്യുന്നതിനായുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പദ്ധതിയുടെ സാധ്യതാ പഠനത്തിന്റെ ഭാഗമായി വരുംദിവസങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജയന്തി ആഘോഷങ്ങൾ വിലയിരുത്താൻ സ്വാതന്ത്ര്യസമര സേനാനി എച്ച്.എസ്. ദൊരേസ്വാമിയുടെ നേതൃത്വത്തിൽ ചേർന്ന ഗാന്ധിയന്മാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. ഇത്തവണത്തെ ഗാന്ധിജയന്തി ആഘോഷങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലാ ആസ്‌ഥാനങ്ങളിലും ഗാന്ധി ഭവനുകൾ നിർമിക്കുന്ന പദ്ധതിയും സർക്കാർ രൂപീകരിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ഇതിന്റെ ശിലാസ്‌ഥാപനം നിർവഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാഷ്ര്‌ടീയപ്രവർത്തകരും യുവാക്കളും വിദ്യാർഥികളും ഗാന്ധിയൻ മൂല്യങ്ങളിൽ നിന്ന് അകന്നുപോകുകയാണെന്നു വിലയിരുത്തിയ അദ്ദേഹം, ഗാന്ധിജിയുടെ ആദർശങ്ങളും തത്വചിന്തകളും പ്രചരിപ്പിക്കാൻ ഗാന്ധിഭവനുകൾ കേന്ദ്രീകരിച്ച് പദ്ധതികൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.