രണ്ട് നൊബേൽ ജഡ്ജുമാരെ പുറത്താക്കി
Wednesday, September 7, 2016 8:22 AM IST
സ്റ്റോക്ക്ഹോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നിർണയിക്കുന്നതിനുള്ള പാനലിൽനിന്ന് രണ്ട് ജഡ്ജുമാരെ പുറത്താക്കി.

സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അവിടത്തെ ബോർഡിനെ സർക്കാർ പൂർണമായി ഒഴിവാക്കിയിരുന്നു. ഇതിൽ ഉൾപ്പെട്ടു എന്ന കാരണത്താലാണ് ഹാരിയറ്റ് വാൽബെർഗ്, ആൻദ്രെ ഹാംസ്റ്റെൻ എന്നിവരെ നൊബേൽ പുരസ്കാര നിർണയ സമിതിയിൽനിന്നു പുറത്താക്കിയിരിക്കുന്നത്.

ഇറ്റലിയിൽനിന്നുള്ള പാവ്ലോ മാച്യാരിനി എന്ന പ്രശസ്തനായ സർജനെ ചുറ്റിപ്പറ്റിയാണ് യഥാർഥത്തിൽ ആരോപണങ്ങൾ ഉയർന്നത്. ശ്വാസനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പേരെടുത്ത ഇദ്ദേഹത്തിന്റെ രണ്ടു രോഗികൾ മരിച്ചിരുന്നു. ഇതെത്തുടർന്നു മെഡിക്കൽ രേഖകളിൽ കൃത്രിമം കാട്ടിയെന്നാണ് ആരോപണം. അദ്ദേഹത്തിനൊപ്പം ഒരേ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ചിരുന്നു എന്നതു മാത്രമാണ് നൊബേൽ പാനലിൽനിന്നു രണ്ടു പേർ പുറത്താകാൻ കാരണം.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ