ഇതു കർണാടകയുടെ സ്വന്തം ശലഭം
Thursday, September 8, 2016 6:11 AM IST
ബംഗളൂരു: സംസ്‌ഥാനത്തിന് സ്വന്തമായി ഒരു ചിത്രശലഭം; അതും ഔദ്യോഗിക പദവിയിൽ. സതേൺ ബേർഡ് വിംഗ് ബട്ടർഫ്ളൈ എന്ന ശലഭത്തിനാണ് ഈ അപൂർവഭാഗ്യം കൈവന്നിരിക്കുന്നത്. ഇതോടെ, മഹാരാഷ്ര്‌ടയ്ക്കു ശേഷം ഔദ്യോഗിക ശലഭമുള്ള സംസ്‌ഥാനമായി കർണാടക മാറി. സംസ്‌ഥാന ശലഭ പദവി നല്കുന്നതിനായി വൈൽഡ് ലൈഫ് ബോർഡ് യോഗം ചേരുമെന്ന് വനം–പരിസ്‌ഥിതി മന്ത്രി രാമനാഥ റായ് അറിയിച്ചു. വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ അംഗീകാരം കൂടി ലഭിച്ചാൽ മാത്രമേ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുകയുള്ളൂ.

തലയിൽ ചുവപ്പു വരയും മഞ്ഞയും കറുപ്പും നിറത്തിലുള്ള ചിറകുമുള്ള ഈ ശലഭം കേരളത്തിൽ ഗരുഡശലഭം എന്നാണ് അറിയപ്പെടുന്നത്. കർണാടകയിൽ ധാരാളമായുള്ള ഇവ പശ്ചിമഘട്ടത്തിലാണ് സാധാരണയായി കാണപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ശലഭമായ സതേൺ ബേർഡ് വിംഗ് ബട്ടർഫ്ളൈയ്ക്ക് 190 മില്ലി മീറ്റർ വരെ നീളമുണ്ടാകും. സംസ്‌ഥാനത്തിന്റെ മിക്ക ആഘോഷങ്ങൾക്കും മഞ്ഞയും ചുവപ്പും നിറമുള്ള പതാകയാണ് ഉപയോഗിക്കുന്നത്. ഇതും ഈ ശലഭത്തെ കർണാടകയുടെ പ്രിയപ്പെട്ടവളാക്കി.