‘പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ വേണം’
Thursday, September 8, 2016 7:16 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കുവൈത്ത് സന്ദർശിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗിനോട് അഭ്യർഥിച്ചു.

കല കുവൈറ്റ് ഭാരവാഹികൾ മന്ത്രിയെ നേരിട്ട സന്ദർശിച്ചാണ് കുവൈത്തിലെ മലയാളികൾ ഉൾപെടെയുള്ള ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തിയത്.

അനധികൃത താമസക്കാരുടെ പ്രശ്നങ്ങൾ, വിവിധ കേസുകളിൽ അകപ്പെട്ട് ജയിലിൽ കഴിയുന്നവർ, വ്യാജ റിക്രൂട്ട്മെന്റ് വഴി എത്തിയ നഴുസുമാരുടെ വിഷയം, എംബസിയുടെ സൗജന്യ നിയമ ഉപദേശ സെൽ ആരംഭിക്കൽ, മാസങ്ങളായി ശമ്പളം കിട്ടാത്ത ജീവനക്കാരുടെ പ്രശ്നം, ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വിഷയം, ഇന്ത്യക്കാരുടെ കലാ സാംസ്കാരിക പരിപാടികൾക്കായി ഒരു കേന്ദ്രം ആരംഭിക്കൽ, എംബസിയിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക തുടങ്ങി കുവൈത്തിലെ പ്രവാസി ഇന്ത്യക്കാർ നേരിടുന്ന നിരവധി വിഷയങ്ങൾ സംഘം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.

വിവിധ വിഷയങ്ങളിൽ കുവൈത്ത് സർക്കാരിന്റെ സഹായത്തോടെയും കേന്ദ്ര സർക്കാരിന്റേയും എംബസിയുടെയും ഇടപെടൽ വഴിയും സാധ്യമായത് ചെയ്യാമെന്ന് മന്ത്രി ഉറപ്പു നൽകി.

കൂടിക്കാഴ്ചയിൽ ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ, കല കുവൈറ്റ് ഭാരവാഹികളായ പ്രസിഡന്റ് ആർ.നാഗനാഥൻ, ടി.വി.ഹിക്മത്ത്, സാം പൈനുംമൂട്, എൻ.അജിത്കുമാർ, തോമസ് മാത്യു കടവിൽ എന്നിവർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ