മെത്രാന്മാരുടെ തറവാട്ടിൽ നിന്നും ചരിത്ര നിയോഗവുമായി മാർ ജോസഫ് സ്രാമ്പിക്കൽ
Thursday, September 8, 2016 7:20 AM IST
പ്രസ്റ്റൺ: ലോകമെമ്പാടും അമ്പതു ലക്ഷത്തോളം വിശ്വാസികൾ ഉള്ള സീറോ മലബാർ സഭക്ക് ഗ്രേയ്റ്റ് ബ്രിട്ടൻ ആസ്‌ഥാനമായി പുതിയ രൂപത വരുമ്പോൾ നിയുക്‌ത മെത്രാനായി ജോസഫ് സ്രാമ്പിക്കലിന്റെ മാതൃ രൂപതയായ പാലാ രൂപതക്കും ഇത് ധന്യതയുടെയും പൂർണതയാർന്ന ദൈവവിളിയുടെയും നിമിഷങ്ങൾ.

മുപ്പത്തി രണ്ടാമത്തെ രൂപതയായി പ്രസ്റ്റൺ രൂപത നിലവിൽ വരുമ്പോൾ പാലാ രൂപതയിൽ നിന്നും മുപ്പതാമത്തെ മെത്രാനായാണ് മാർ സ്രാമ്പിക്കൽ അഭിഷിക്‌തനാകുന്നത്. ദൈവ വിളികളാൽ സമ്പന്നമായ പാലാ രൂപതയിലെ സ്രാമ്പിക്കൽ കുടുംബത്തിൽ പരേതനായ മാത്യുവിന്റേയും എലിക്കുട്ടിയുടെയും ആറു മക്കളിൽ നാലാമനായി ജനിച്ച മാർ സ്രാമ്പിക്കൽ ഉരുളികുന്നം ഇടവകാംഗമാണ്. കാർഷികവൃത്തി തൊഴിലായ ഇടത്തരം കുടുംബത്തിൽ ജനിച്ച ഇദ്ദേഹം സ്കൂൾ, കോളജ് പഠനങ്ങൾക്കുശേഷമാണ് ഇദ്ദേഹം വൈദികനാകാൻ സെമിനാരിയിൽ പ്രവേശിച്ചത്. പൗരോഹിത്യ പഠന ബിരുദങ്ങൾ കൂടാതെ മംഗലാപുരം യുണിവേഴ്സിറ്റിയിൽ നിന്നും എംഎഡും ഇംഗ്ലണ്ടിലെ പ്രശസ്‌ഥമായ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നും പൗരസ്ത്യ ദൈവശാസ്ത്രത്തിൽ മാസ്റ്റേഴ്സ് ബിരുദവും കരസ്‌ഥമാക്കിയിട്ടുണ്ട്. 2000 ഓഗസ്റ്റ് 12ന് മാർ ജോസഫ് പള്ളിക്കാപറമ്പിൽ നിന്ന് കൈവയ്പു ശുശ്രൂഷയിലൂടെ വൈദികനായ ഇദ്ദേഹം പ്രസ്റ്റൺ രൂപതയുടെ നിയുക്‌ത മെത്രാനായി ഉയർത്തപ്പെടുമ്പോൾ റോമിലെ പ്രസ്തമായ കോളേജിയോ ഉർബാനയുടെ വൈസ് റെക്ടർ ആയി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. കേരള കത്തോലിക്ക സഭയിൽ ഏറ്റവും കൂടുതൽ വൈദികരെയും സന്യസ്തരെയും സംഭാവന ചെയ്തിട്ടുള്ള പാലാ രൂപതയിൽ 1663–ൽ മലബാറിന്റെ വികാരി അപ്പസ്തോലിക ആയിരുന്ന മാർ അലക്സാണ്ടർ പറമ്പിൽ മുതൽ കൊടുങ്ങല്ലൂർ ആച്ച് ബിഷപ് ഗോവർണദോർ തോമസ് പാറേമ്മാക്കൻ, ദൈവദാസൻ മാർ മാത്യു കാവുകാട്ട് , മലബാറിന്റെ മഹായിടയൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി തുടങ്ങി മഹാരഥന്മാരായ പുണ്യ പിതാക്കന്മാരുടെ പിന്മുറക്കാരൻ ആയി മാർ സ്രാമ്പിക്കൽ കടന്നു വരുമ്പോൾ ആഗോള കത്തോലിക്കാ സഭയും , സീറോ മലബാർ സഭയും ഒട്ടേറെ പ്രതീക്ഷകളൊടെയാണ് നോക്കി കാണുന്നത്. ആഴമായ വിശ്വാസവും സഭാ പാരമ്പര്യങ്ങളും മുറുകെ പിടിക്കുന്ന ഈ രൂപതയെ ഇപ്പോൾ നയിക്കുന്നത് അറിയപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതനായ മാർ ജോസഫ് കല്ലറങ്ങാട്ടാണ്. ഒപ്പം സ്വന്തം കിഡ്നി മറ്റൊരാൾക്ക് പകുത്തുനൽകി സമാനതകൾ ഇല്ലാത്ത മാതൃക ലോകത്തിനു നൽകിയ മാർ ജേക്കബ് മുരിക്കൻ സഹായ മെത്രാനായും സേവനം ചെയ്യുന്നു.

ഭാരതത്തിന്റെ ആദ്യ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധയുടെ കബറിടം സ്‌ഥിതി ചെയ്യുന്ന ഭരണങ്ങാനാവും പാലാ രൂപതയിൽ ആണെന്നുള്ളതും അൽഫോൻസാമ്മയുടെ തിരുനാൾ ദിനമായ 2016 ജൂലൈ 28 നു പുതിയ രൂപതയുടെയും ഇടയന്റെയും പ്രഖ്യാപനം വന്നതും അൽഫോൻസാമ്മയുടെ വലിയ മധ്യസ്‌ഥതയുടെ തെളിവായാണ് കാണുന്നത്. പ്രസ്റ്റൺ രൂപതയുടെ സ്വർഗീയ മധ്യസ്‌ഥയും വിശുദ്ധ അൽഫോൻസാമ്മയാണ്. വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചനും ദൈവദാസൻ കദളിക്കാട്ടിൽ മത്തായി അച്ചനും പാലാ രൂപതയിൽ നിന്നും വിശുദ്ധ ഗണത്തിലേക്ക് ഉയർത്തപെട്ടവർ ആണെന്നതും ശ്രദ്ധേയമാണ്.

ഒക്ടോബർ ഒൻപതിന് പ്രസ്റ്റണിലെ നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷയിൽ മാർ ജോസഫ് കല്ലറങ്ങാട്ടും അതുപോലെ നിയുക്‌ത മെത്രാന്റെ കുടുംബാങ്ങങ്ങളും സുഹൃത്തുക്കളും സാമൂഹ്യ , സാംസ്കാരിക രംഗ ത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് മീഡിയ കോഓർഡിനേറ്റർ ഫാ. ബിജു കുന്നക്കാട്ട് അറിയിച്ചു.

<ആ>റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ