ഇരുപതു വർഷം മുമ്പ് കാണാതായ വിദ്യാർഥിക്കുവേണ്ടി തിരച്ചിൽ പുനരാരംഭിച്ചു
Thursday, September 8, 2016 7:25 AM IST
കലിഫോർണിയ: ഇരുപതു വർഷം മുമ്പ് കാണാതായ കലിഫോർണിയ കോളജ് വിദ്യാർഥിനി ക്രിസ്റ്റിൻ സ്മാർട്ടിനുവേണ്ടിയുളള തിരച്ചിൽ പുനരാരംഭിച്ചതായി എഫ്ബിഐ സെപ്റ്റംബർ ആറിനു നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

1996 മേയ് 25ന് ഒരു പാർട്ടിയിൽ പങ്കെടുത്തശേഷം കലിഫോർണിയ പോളിടെക്നിക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ താമസ സ്‌ഥലത്തേക്കുളള യാത്രാ മധ്യേയാണ് ക്രിസ്റ്റിനെ കാണാതായത്. യൂണിവേഴ്സിറ്റി പാർക്കിംഗ് ലോട്ടിന് സമീപമുളള സ്‌ഥലത്താണ് സ്മാർട്ടിന്റെ ശരീരാവശിഷ്‌ടങ്ങൾക്കായി തിരച്ചിൽ ആരംഭിക്കുന്നതെന്ന് സാൻ ലുയിസ് ബിസ്പൊ കൗണ്ടി ഷെറിഫ് പാർകിൻസൺ അറിയിച്ചു.

പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചു കഴിഞ്ഞ രണ്ടു വർഷമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഈ പ്രദേശം തിരഞ്ഞെടുക്കുവാൻ തീരുമാനിച്ചതെന്നും ഷെറിഫ് പറഞ്ഞു.

പാർട്ടി കഴിഞ്ഞെത്തിയ ക്രിസ്റ്റിനെ താമസസ്‌ഥലത്തുനിന്നു ഇറക്കിവിട്ട വിദ്യാർഥിയെ കേസിൽ സംശയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതിനാണ് കൂടുതൽ സാധ്യത എന്നാണ് ഷെറീഫ് പറഞ്ഞത്.

ഇതിനു സാനമായ സംഭവമായിരുന്നു ഷിക്കാഗോയിൽ നിന്നും പാർട്ടി കഴിഞ്ഞ് മടങ്ങിയ പ്രവീൺ വർഗീസിന്റേതും. എന്നാൽ പ്രവീണിനെ ഇറക്കിവിട്ട വിദ്യാർഥിയെ വേണ്ടതുപോലെ ചോദ്യം ചെയ്യുന്നതിന് പോലീസ് തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇരുപതു വർഷം മുമ്പ് കാണാതായ മകളുടെ ശരീരാവശിഷ്‌ടങ്ങൾ എങ്കിലും കണ്ടെത്താനാകുമോ എന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ