കേരള ഹൗസിലെ ഫോട്ടോ പ്രദർശനം മുഖ്യമന്ത്രി സന്ദർശിച്ചു
Thursday, September 8, 2016 7:26 AM IST
ന്യൂഡൽഹി: കേരളഹൗസിൽ വിവര പൊതുജന സമ്പർക്കവകുപ്പ് ഒരുക്കിയ ഫോട്ടോപ്രദർശനം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.

സംസ്‌ഥാനസർക്കാർ നൂറു ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിൽ ശരിയായ തുടക്കം, പുതിയ പ്രതീക്ഷ, ശരിയായ ലക്ഷ്യം എന്നീ വിഭാഗങ്ങളിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

‘ശരിയായ തുടക്കം’ എന്ന വിഭാഗത്തിൽ തുടങ്ങുന്ന ഫോട്ടോപ്രദർശനത്തിൽ സംസ്‌ഥാന മന്ത്രിസഭ അധികാരമേറ്റെടുത്ത ദൃശ്യങ്ങളും ‘പുതിയ പ്രതീക്ഷ’ എന്ന വിഭാഗത്തിൽ മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം, രാഷ്ര്‌ടപതി, ഉപരാഷ്ര്‌ടപതി, പ്രധാനമന്ത്രി എന്നിവരുമായുള്ള കൂടിക്കാഴ്ച എന്നിവയും ‘ശരിയായ ലക്ഷ്യം’ എന്ന വിഭാഗത്തിൽ മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും ഡൽഹിയിൽ വിവിധ കേന്ദ്രമന്ത്രിമാരെ സന്ദർശിച്ചതും ഉൾപ്പെടുത്തി.

കേരള ഹൗസ് റസിഡന്റ് കമ്മീഷണർ ബിശ്വാസ് മേത്ത, കൺട്രോളർ പി. രാമചന്ദ്രൻ, ഇൻഫർമേഷൻ ഡെപ്യൂട്ടി ഡയറക്ടർ ആർ. വേണുഗോപാൽ തുടങ്ങിയവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.