സുരേഷ് ഭായ് പട്ടേൽ കേസ്: സസ്പെൻഷനിലായ പോലീസ് ഓഫീസർ ജോലിയിൽ തിരികെ പ്രവേശിച്ചു
Friday, September 9, 2016 7:12 AM IST
മാഡിസൺ (അലബാമ): അമേരിക്കയിൽ ജോലി ചെയ്യുന്ന മകനെ സന്ദർശിക്കാനെത്തിയ ഗുജറാത്ത് സ്വദേശിയായ സുരേഷ് ഭായ് പട്ടേൽ വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ സംശയം തോന്നി അകാരണമായി മർദ്ദിച്ച അവശനാക്കിയ മാഡിസൺ പോലീസ് ഓഫീസർ എറിക് പാർക്കർ ജോലിയിൽ തിരികെ പ്രവേശിച്ചു. സെപ്റ്റംബർ ആറു മുതൽ ജോലിയിൽ പ്രവേശിച്ചുവെങ്കിലും റീ സർട്ടിഫിക്കേഷൻ ലഭിക്കുന്നതുവരെ ട്രെയിനിംഗ് യൂണിറ്റിലാണ് നിയമനം നൽകിയിരിക്കുന്നത്.

2015 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഇംഗ്ലീഷ് ഭാഷ വശമില്ലാതിരിക്കുന്ന സുരേഷ് ഭായ് പട്ടേൽ ചോദ്യം ചെയ്യലിനിടെ കൈ പോക്കറ്റിലേക്ക് കൊണ്ടുപോയതാണ് ഓഫീസറെ പ്രകോപിപ്പിച്ചത്. നിലത്തേയ്ക്ക് ശക്‌തിയായി തള്ളിയിട്ട സുരേഷ് ഭായിയുടെ കഴുത്തിനും നട്ടെല്ലിനും സംഭവിച്ച ക്ഷതം ശരീരത്തിന്റെ ചലനശേഷിയെ ഭാഗികമായി നഷ്ടപ്പെടുത്തി.

സംഭവത്തിൽ ഉത്തരവാദിയെന്നു കണ്ടെത്തിയ എറിക് പാർക്കറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. എന്നാൽ കേസിൽ പ്രതി കുറ്റക്കാരനല്ലെന്നു കണ്ടെത്തിയ കോടതി കേസ് അവസാനിപ്പിക്കുകയും ചെയ്തു.

സംഭവത്തിൽ അലബാമ ഗവർണർ സുരേഷ് ഭായിയുടെ കുടുംബാംഗങ്ങളോടെ ക്ഷമാപണം നടത്തിയിരുന്നു. പോലീസ് ഓഫീസറുടെ ക്രൂരമായ പെരുമാറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം സംഭവത്തിൽ സൂരേഷ് ഭായിയുടെ കുടുംബത്തിനു നീതി ലഭിച്ചില്ലെന്നാണ് ഇന്ത്യൻ സമൂഹത്തിന്റെ പ്രതികരണങ്ങളിൽനിന്നും വ്യക്‌തമാകുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ