ലൂക്കനിൽ തിരുനാളും വാർഷികാഘോഷവും സെപ്റ്റംബർ 11ന്
Friday, September 9, 2016 7:13 AM IST
ഡബ്ലിൻ: ലൂക്കൻ സീറോ മലബാർ കൂട്ടായ്മയിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടേയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്‌ത തിരുനാളും കുടുംബ യൂണിറ്റുകളുടെ വാർഷികവും സെപ്റ്റംബർ 11നു (ഞായർ) ലൂക്കൻ ഡിവൈൻ മേഴസി ചർച്ചിൽ ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞ് രണ്ടിന് തിരുക്കർമങ്ങൾ ആരംഭിക്കും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം നടക്കുന്ന ആഘോഷമായ റാസ കുർബാനക്ക് ഫാ. ജോസഫ് കറുകയിൽ മുഖ്യകാർമികത്വം വഹിക്കും. ഇടവക വികാരി ഫാ. ആന്റണി ചീരംവേലിൽ, മുൻ വികാരി ഫാ. തങ്കച്ചൻ പോൾ ഞാളിയാത് എന്നിവർ സഹകാർമികരായിരിക്കും. തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും.

വൈകുന്നേരം 5.30 നു പാൽമെർസ് ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ മതബോധന വിദ്യാർഥികളുടെയും ഭക്‌തസംഘടനകളുടെയും വാർഷിക ആഘോഷ പരിപാടികൾ ആരംഭിക്കും. ഫാ. ജോസഫ് കറുകയിൽ, ഫാ. തങ്കച്ചൻ പോൾ എന്നിവർ മുഖ്യാതിഥികളായിരിക്കും.

ഫാ: ജോസഫ് വെള്ളനാൽ അണിയിച്ചൊരുക്കുന്ന ‘ഇരുൾ പരക്കുന്ന പകലുകൾ’ എന്ന നാടകവും ഷൈബു ജോസഫ് അവതരിപ്പിക്കുന്ന കഥാപ്രസംഗം, സിജു കുര്യൻ നേതൃത്വം നൽകുന്ന ‘ഓനച്ചന്റെ ദർശനം’ എന്ന നാടകം, ഫിജി സാവിയോ അരങ്ങിലെത്തിക്കുന്ന നൃത്തങ്ങൾ, മറ്റു കലാപരിപാടികൾ എന്നിവ വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചു അരങ്ങേറും. സമ്മാനദാനവും തുടർന്നുനടക്കുന്ന സ്നേഹവിരുന്നോടു കൂടി പരിപാടികൾ സമാപിക്കും.

തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് പരിശുദ്ധ അമ്മയുടേയും വിശുദ്ധരുടേയും മാധ്യസ്‌ഥം അപേക്ഷിക്കുവാനും ഏവരേയും സ്വാഗതം ചെയുന്നതായി വികാരി ഫാ. ആന്റണി ചീരംവേലിൽ അഭ്യർഥിച്ചു.

തിരുനാൾ വാർഷികദിനാഘോഷങ്ങളുടെ വിജയത്തിനായി സെക്രട്ടറി ജിമ്മി ടോം, ട്രസ്റ്റിമാരായ സുനിൽ വർഗീസ്, ജയൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ