പ്രസ്റ്റൺ രൂപതയ്ക്ക് അനുഗ്രഹവർഷം, നിയുക്‌ത മെത്രാന് ആശംസകൾ നേർന്നു ഫ്രാൻസിസ് മാർപാപ്പ
Friday, September 9, 2016 7:14 AM IST
റോം: പ്രസ്റ്റൺ ആസ്‌ഥാനമായുള്ള സീറോ മലബാർ സഭയുടെ പുതിയ രൂപതയ്ക്ക് ഫ്രാൻസിസ് മാർപാപ്പയുടെ അനുഗ്രഹവർഷം. പ്രസ്റ്റണിൽ പുതിയ ചരിത്രം കുറിക്കുന്നതിലൂടെ യുകെയിലെ വിശ്വാസികൾക്ക് ദൈവകരുണയുടെയും അനുഗ്രഹത്തിന്റെയും നാളുകളാണ് വരാൻ പോകുന്നത്. വത്തിക്കാനിൽ തന്നെ സന്ദർശിച്ച പ്രസ്റ്റണിലെ നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിനെയാണ് മാർപാപ്പ ആശംസകൾ അറിയിച്ചത്. യുകെയിൽ പുതിയ രൂപത ആരംഭിക്കുന്നതിൽ അത്യധികമായ സന്തോഷം പ്രകടിപ്പിച്ച മാർപാപ്പ പുതിയ രൂപതയ്ക്കും നിയുക്‌ത മെത്രാനും ആശംസകൾ നേരുകയും പ്രത്യേകം ആശീർവാദം നൽകുകയും ചെയ്തു.

മാർപാപ്പയെ സന്ദർശിക്കുന്നതിനും അനുഗ്രഹം വാങ്ങുന്നതിനുമായി കഴിഞ്ഞ ആറിനാണ് മാർ ജോസഫ് സ്രാമ്പിക്കൽ റോമിലെത്തിയത്. സീറോ മലബാർ വിശ്വാസികളുടെ അജപാലന ദൗത്യങ്ങൾക്കായി നിയോഗിക്കപ്പെട്ടിരുന്ന മാർ സ്രാമ്പിക്കൽ കഴിഞ്ഞ മൂന്നു വർഷമായി റോമും വത്തിക്കാനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇതിനുപുറമേ കരുണയുടെ വർഷത്തിൽ മാർപാപ്പ പ്രത്യേകം നിയോഗിച്ച കരുണയുടെ പ്രേഷിതരിൽ ഒരാളെന്ന നിലയിലും വത്തിക്കാനു ചിരപരിചിതനാണ്. വത്തിക്കാനിൽ മാർപാപ്പയ്ക്കു പുറമേ പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രിഫെക്ട് കർദിനാൾ ലിയനാർഡോ സാന്ത്രി, സുവിശേഷവത്കരണ കാര്യാലയത്തിന്റെ പ്രിഫെക്ട് ഫെർണാണ്ടോ ഫിലോണി തുടങ്ങിയവരുമായും മാർ സ്രാമ്പിക്കൽ ചർച്ച നടത്തി.

<ആ>റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ