ബന്ദിൽ സ്തംഭിച്ച് കർണാടക, കൂടുതൽ സേനയെ വിന്യസിച്ചു
Friday, September 9, 2016 8:10 AM IST
ബംഗളൂരു: കാവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കർണാടകയിൽ ആഹ്വാനം ചെയ്തിരിക്കുന്ന 12 മണിക്കൂർ ബന്ദ് തുടക്കത്തിൽ പൂർണം. കർഷകരുടെയും വ്യാപാരികളുടെയും വ്യവസായികളുടെയും അടക്കം 500ൽ അധികം സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മറ്റുനിരവധി സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്്ട്. ദിവസവും 15,000 ഘനയടി വെള്ളം തമിഴ്നാടിനു വിട്ടുനൽകാനാണ് കഴിഞ്ഞദിവസം സുപ്രീം കോടതി ഉത്തരവിട്ടത്.

ഐടി നഗരമായ ബംഗളൂരുവും ബന്ദിൽ പ്രവർത്തനരഹിതമായി. പ്രതിപക്ഷമായ ബിജെപിയും ജനതാദൾ എസും ബന്ദിന് പൂർണപിന്തുണ നൽകുമ്പോൾ കോൺഗ്രസ് നയിക്കുന്ന കർണാടക സർക്കാരും പരോക്ഷമായി ബന്ദിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്‌ഥാനത്തെ സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുകയാണ്. കർണാടകയിലെ പൊതുഗതാഗത സംവിധാനവും പെട്രോൾ പമ്പുകളും സ്തംഭനാവസ്‌ഥയിലാണ്. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങുന്നില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്‌ഥാനത്ത് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്്ട്.

ബംഗളൂരുവിലെ ഐടി ഭീമൻമാരായ ഇൻഫോസിസ്, വിപ്രോ തുടങ്ങി 400 മൾട്ടി നാഷണൽ കമ്പനികൾ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗളുരൂ മെട്രോയും വെള്ളിയാഴ്ച പുലർചെ മുതൽ സർവീസ് നടത്തുന്നില്ല. എന്നാർ സർക്കാർ ഓഫീസുകൾ തുറന്നുപ്രവർത്തിക്കുന്നുണ്്ട്.