മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹുസ്റ്റൻ ഓണാഘോഷം സെപ്റ്റംബർ 24–ന്
Saturday, September 10, 2016 4:10 AM IST
ഹൂസ്റ്റൻ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് എബ്രഹാം ഈപ്പൻ അറിയിച്ചു.

സെപ്റ്റംബർ 18–നു ഞായറാഴ്ച വൈകുന്നേരം അഞ്ചിനു കേരള ഹൗസിൽ നടക്കുന്ന വടം വലി മത്സരത്തോടുകൂടി ഓണാഘോഷങ്ങൾക്ക് ആരംഭം കുറിക്കും. സെപ്റ്റംബർ 24–നു ശനിയാഴ്ച രാവിലെ ഒമ്പതിനു എൽകിൻസ് ഹൈസ്കൂളിൽ വച്ചു നടക്കുന്ന ഓണാഘോഷത്തിൽ പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ പതിനെട്ടോളം ചെറുകഥകൾ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു ശ്രദ്ധേയനായ പ്രൊഫ. ഡോൺ റിച്ചാർഡ്സ് ഓണ സന്ദേശം നൽകും.

ഹുസ്റ്റനിലെ വിവിധ ഡാൻസ് അക്കാദമികൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ, ഗാനങ്ങൾ, കലാഭവൻ ജയനും, സിനിമാതാരം തിരുവല്ല സാബുവും അവതരിപ്പിക്കുന്ന ഓട്ടം തുള്ളൽ, മിമിക്രി, നാടൻ പാട്ടുകൾ എന്നിവ ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടും. അജി നായരുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം മാവേലിയുടെ ആഘോഷമായ ഘോഷയാത്രക്ക് അകമ്പടി സേവിക്കും.

23 വിഭവങ്ങളടങ്ങുന്ന ഓണസദ്യ താറാക്കുന്നത് സത്യ റസ്റ്റോറന്റാണ്. ഓണാഘോഷങ്ങളുടെ ഒരുക്കങ്ങൾക്ക് ഇവന്റ് കോഓർഡിനേറ്റർ തോമസ് ചെറുകരയും, പ്രോഗ്രാം കോഓർഡിനേറ്റർ റെനി കവലയിലും നേതൃത്വം നൽകുന്നു.

<യ> റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ