സ്വിറ്റ്സർലൻഡിൽ ഷോപ്പിംഗിനെത്തിയ ചൈനക്കാരനിൽനിന്നും 86,000 യൂറോ പിഴ ഇടാക്കി
Sunday, September 11, 2016 7:23 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിൽ സന്ദർശനത്തിനെത്തിയ ചൈനക്കാരൻ തനിക്ക് ഇഷ്‌ടപ്പെട്ട സാധനങ്ങളും വാങ്ങി മടക്കയാത്രയ്ക്കായി ജർമനിയിലേക്ക് റോഡുമാർഗം പോയി. എന്നാൽ ജർമനിയിലെ കസ്റ്റംസിൽ താൻ വാങ്ങിയ ആഡംബര വസ്തുക്കൾ ഡിക്ലയർ ചെയ്യുവാൻ മറന്നതിനാൽ കിട്ടിയ ശിക്ഷയാകട്ടെ 86,000 യൂറോ പിഴ.

യുവാൻ എന്ന ചൈനക്കാരൻ സ്വിറ്റ്സർലൻഡിൽ നിന്നും ഒമ്പതു സാധനങ്ങളാണ് വാങ്ങിയത്. 250 യൂറോ മതിപ്പുവരുന്ന ഒരു ടീഷർട്ട്, 1,900 യൂറോ വിലമതിക്കുന്ന ഒരു ബെൽറ്റ്, 5,700 യൂറോ വിലയുള്ള രണ്ടു ജോഡി ഷൂസ്, കൂടാതെ രണ്ടു വാച്ചുകളും യുവാൻ വാങ്ങി. വാച്ച് ഒന്നിന് 11,000 യൂറോയും രണ്ടാമത്തെ വാച്ചിന് 1,67,000 യൂറോയും മൊത്തം 2,10,000 യൂറോയുടെ ആഡംബര വസ്തുക്കൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു.

ഇത്രയും തുകയുടെ വസ്തുക്കൾ ജർമനിയിലൽ ഇറക്കുമതി ചെയ്താൽ 43,000 യൂറോ ആഡംബര നികുതി അടയ്ക്കേണ്ടതുണ്ട്. ഇത് അടയ്ക്കാത്തതിനു ശിക്ഷയായി മറ്റൊരു 43,000 യൂറോ കൂടി പിഴ ഇടാക്കുവാൻ ജർമൻ കസ്റ്റംസ് അധികൃതർ തീരുമാനിക്കുകയായിരുന്നു. അങ്ങനെ യുവാൻ ഫലത്തിൽ 86,000 യൂറോ പിഴയടക്കേണ്ടി വന്നു. അതായത് ഏകദേശം 64,29,402 ഇന്ത്യൻ രൂപ വരും.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ