പ്രസ്റ്റൺ സെന്റ് അൽഫോൻസ കത്തീഡ്രൽ പുനർസമർപ്പണം ഒക്ടോബർ എട്ടിന്
Sunday, September 11, 2016 7:35 AM IST
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടണിലെ സീറോ മലബാർ വിശ്വാസികൾക്കായി ഫ്രാൻസിസ് മാർപാപ്പ അനുവദിച്ച പ്രസ്റ്റൺ രൂപതയുടെ കത്തീഡ്രൽ പള്ളി ആയി ഉയർത്തപ്പെടുന്ന സെന്റ് അൽഫോൻസ ദേവാലയത്തിന്റെ ഏറ്റെടുക്കലും കത്തീഡ്രൽ പുനർസമർപ്പണവും ഒക്ടോബർ എട്ടിനു നടക്കും.

വൈകുന്നേരം ആറിനു നടക്കുന്ന തിരുക്കർമങ്ങളിൽ സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. തിരുക്കർമങ്ങളിൽ മെത്രാന്മാരും വൈദികരും സന്യസ്തരുമടങ്ങുന്ന നിരവധി പേർ പങ്കെടുക്കും.

ബ്രിട്ടണിലെ പഴയകാല കത്തോലിക്കാ വിശ്വാസത്തിന്റെ പ്രൗഡി വിളിച്ചോതുന്നതാണ് കത്തീഡ്രൽ ദേവാലയത്തിലേയ്ക്ക് ഉയർത്തപ്പെടുന്ന പ്രസ്റ്റഠൺ ദേവാലയം. ഇംഗ്ലണ്ടിലെ കത്തോലിക്ക വിശ്വാസം വളരെ ശക്‌തമായിരുന്ന കാലഘട്ടങ്ങളിൽ വലിയ ക്രൈസ്തവ വിശ്വാസ കേന്ദ്രങ്ങളിൽ ഒന്നായാണ് പ്രസ്റ്റൺ അറിയപ്പെട്ടിരുന്നത്. വിശുദ്ധരുടെ തിരുസ്വരൂപങ്ങൾക്ക് കൊണ്ട് അലങ്കരിച്ചിരിക്കുന്ന ദൈവാലയത്തിന്റെ ഉൾവശം ദൈവസാന്നിധ്യ ചിന്തയും പ്രാർഥനാന്തരീഷവും അനുഭവയോഗ്യമാകുന്ന തരത്തിലുള്ളതാണ്. ഇംഗ്ലണ്ടിലെ നഷ്ടപ്പെട്ടുപോകുന്ന ക്രൈസ്തവിശ്വാസത്തിന്റെ പ്രാതപവും ശക്‌തിയും വീണ്ടെടുക്കാൻ സീറോ മലബാർ ക്രൈസ്തവരുടെ സാന്നിധ്യം മുതൽകൂട്ടാകുമെന്നു മനസിലാക്കിയ ലങ്കാസ്റ്റർ രൂപത മെത്രാൻ മൈക്കിൾ കാംബൽ ആണ് ദേവാലയം സീറോ മലബാർ വിശ്വാസികളുടെ ഉപയോഗത്തിനായി വിട്ടു നൽകിയത്. വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ ചാവറയച്ചന്റേയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ഇംഗ്ലണ്ടിലെ അപൂർവം ചില ദേവാലയങ്ങളിലാണ് ഒന്നാണ് പ്രസ്റ്റൺ സെന്റ് അൽഫോൻസ ദേവാലയം.

തിരുക്കർമങ്ങളുടെ കൺവീനറും പ്രദേശിക സംഘാടകനുമായ ഫാ. മാത്യു ചൂരപൊയ്കയിലാണ് ദേവാലയത്തിന്റെ നിലവിലെ വികാരി.